| Thursday, 3rd October 2019, 10:12 am

യോഗി സര്‍ക്കാരിന്റെ ചടങ്ങില്‍ പങ്കെടുത്തു, പ്രിയങ്കയുടെ പരിപാടി ബഹിഷ്‌കരിച്ചു; സോണിയയുടെ മണ്ഡലത്തിലെ എം.എല്‍.എ കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്കോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയിലെ കോണ്‍ഗ്രസ് ശക്തികേന്ദ്രമായ റായ്ബറേലിയില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. സോണിയാ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലിയിലെ എം.എല്‍.എയായ അദിതി സിങ്ങും യു.പിയുടെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും തമ്മിലാണ് അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നത്.

ഇന്നലെ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടത്തിയ പരിപാടിയില്‍ പ്രതിപക്ഷത്തിന്റെ ബഹിഷ്‌കരാണാഹ്വാനം തള്ളി അദിതി പങ്കെടുത്തു.

അതേസമയം പ്രിയങ്കയുടെ നേതൃത്വത്തില്‍ ലഖ്‌നൗവില്‍ കോണ്‍ഗ്രസ് നടത്തിയ പരിപാടിയില്‍ അദിതി പങ്കെടുത്തില്ല. ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള അഖിലേഷ് സിങ്ങിന്റെ മകളാണ് അദിതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രിയങ്കയുമായി അദിതിക്ക് അടുത്ത ബന്ധമാണുള്ളതെന്നാണ് വിലയിരുത്തലെങ്കിലും ഇപ്പോഴത്തെ അദിതിയുടെ പ്രവൃത്തി പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.

ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രത്യേക നിയമസഭാ സമ്മേളനമായിരുന്നു കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ ഈ സമയം അദിതി യു.പി നിയമസഭയിലെത്തി.

കോണ്‍ഗ്രസിനു പുറമേ, സമാജ്‌വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയവരും ബഹിഷ്‌കരണാഹ്വാനം ഏറ്റെടുത്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ട്ടിയെടുക്കുന്ന തീരുമാനം അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥയാണെന്നും അതേസമയം തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ താന്‍ ചെയ്തുവെന്നും അദിതി ന്യൂസ് 18-നു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

തന്റെ മണ്ഡലത്തിലെ കുടിവെള്ള, ശുചിത്വ പ്രശ്‌നങ്ങള്‍ അദിതി നിയമസഭയില്‍ സംസാരിക്കവെ ചൂണ്ടിക്കാട്ടി. മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ മുന്‍നിരയിലേക്കു കൊണ്ടുവരുന്നതിന് ഇത് നല്ലൊരവസരമായി കണ്ടുവെന്നും അവര്‍ വ്യക്തമാക്കി.

റായ്ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. അതില്‍ രണ്ടെണ്ണം കോണ്‍ഗ്രസിനൊപ്പവും രണ്ടെണ്ണം ബി.ജെ.പിക്കൊപ്പവും ഒരെണ്ണം സമാജ്‌വാദി പാര്‍ട്ടിക്കൊപ്പവുമാണുള്ളത്.

2017-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 90,000-ത്തോളം വോട്ടുകള്‍ക്കാണ് അദിതി ജയിച്ചത്. യു.പി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എമാരില്‍ ഒരാളാണ് 31-കാരിയായ അദിതി.

We use cookies to give you the best possible experience. Learn more