ഗുജറാത്തിലെ രാധന്‍പൂര്‍ നിയോജക മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി,താക്കൂര്‍ സേന നേതാവ് അല്‍പ്പേഷ് താക്കൂര്‍ പരാജയപ്പെട്ടിരുന്നു. പരാജയപ്പെടുത്തിയത് കോണ്‍ഗ്രസ് നേതാവായ രഘു ദേശായി ആയിരുന്നു. അല്‍പ്പേഷിനെ പരാജയപ്പെടുത്തിയതോടെ സംസ്ഥാനത്ത് താരപരിവേഷത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് രഘു ദേശായി. വെറുതെ പരാജയപ്പെടുകയായിരുന്നില്ല അല്‍പ്പേഷ്, തീരുമാനിച്ചുറപ്പു വരുത്തിയതാണ് പരാജയമെന്ന് രഘു ദേശായി പറയുന്നു.
വിജയിച്ചാല്‍ മന്ത്രി സ്ഥാനം ഉറപ്പുവരുത്തിയതിന് ശേഷമാണ് അല്‍പ്പേഷ് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയത്. എന്നാല്‍ ആ മോഹം നടപ്പിലാക്കാന്‍ രഘു ദേശായി സമ്മതിച്ചില്ല.
2017ല്‍ രഘു ദേശായി കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റായ രാധന്‍പൂര്‍ അല്‍പ്പേഷിന് കൊടുത്ത് തൊട്ടടുത്ത മണ്ഡലമായ ചാന്‍ഷ്മയില്‍ മത്സരിക്കുകയായിരുന്നു. അക്കാലത്ത് അല്‍പ്പേഷ് തന്നെ ചതിച്ചെന്ന് രഘു ദേശായി പറയുന്നു. ചാന്‍ഷ്മയില്‍ രഘു ദേശായി പരാജയപ്പെടുകയും ചെയ്തിരുന്നു.
2017ല്‍ രാധന്‍പൂരില്‍ അല്‍പ്പേഷിനെ വിജയിപ്പിക്കുന്നതിന് വേണ്ടി ഞാനെന്റെ സര്‍വ്വവും സമര്‍പ്പിച്ച് പ്രവര്‍ത്തിച്ചു. എന്‍രെ സമുദായത്തിന്റെ പിന്തുണ അദ്ദേഹത്തിന് ഉറപ്പുവരുത്തി. ഇതിന് പകരം ചാന്‍ഷ്മയില്‍ അദ്ദേഹത്തിന്റെയും സമുദായത്തിന്റെയും പിന്തുണ തനിക്ക് തരാം എന്ന് ധാരണയായിരുന്നു. എന്നാല്‍ അദ്ദേഹം എന്നെ ചതിച്ചു. അദ്ദേഹം സമുദായത്തോട് വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടില്ല. അന്ന് ഞാന്‍ പ്രതികാരം ചെയ്യുമെന്ന് തീരുമാനിച്ചിരുന്നുവെന്ന് രഘു ദേശായി പറഞ്ഞു.
അല്‍പ്പേഷിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ കഴിയുന്ന ഒരവസരത്തിന് വേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു. അതിനുള്ള അവസരമാണ് അദ്ദേഹം മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാന്‍ തീരുമാനിച്ചതിലൂടെ തന്നത്. ഞാന്‍ എന്റെ പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞു, ആര്‍ക്ക് വേണമെങ്കിലും സീറ്റ് നല്‍കാം. ഞാന്‍ അല്‍പ്പേഷിന്റെ തോല്‍വിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കും. എന്റെ പാര്‍ട്ടി എന്നില്‍ വിശ്വസിക്കുകയും ഞാനാ വിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തുവെന്നും രഘു ദേശായി പറഞ്ഞു.
132 ഗ്രാമങ്ങളില്‍ വെള്ളമടക്കം ഒന്നും കിട്ടിയിരുന്നില്ല. മാത്രമല്ല അല്‍പ്പേഷിന്റെ താക്കൂര്‍ സേന മറ്റ് സമുദായങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ അവരുടെ പ്രവര്‍ത്തികളിലൂടെ ചീത്തപ്പേര് സമ്പാദിച്ചിരുന്നു. അവര്‍ മറ്റൊരു ബദല്‍ തേടുകയായിരുന്നു. ഞാനവരോട് ചോദിച്ചു ഒരു സേവകനെ വേണോ ഒരു ഏകാധിപതിയെ വേണോ എന്ന്. അല്‍പ്പേഷ് ജനവിരുദ്ധനാവുകയും മണ്ഡലത്തിലേക്കുള്ള വരവ് നിര്‍ത്തുകയും ചെയ്തിരുന്നു. എന്റെ അപേക്ഷ ജനങ്ങള്‍ സ്വീകരിച്ചുവെന്നും രഘു ദേശായി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടന്ന ഒരു സംഭവമാണ് രഘു ദേശായിയുടെ വിജയം ഉറപ്പ് വരുത്തിയത്. ഒരു ക്ഷേത്രത്തില്‍ നടന്ന ചടങ്ങ് താക്കൂര്‍ സേന അലങ്കോലമാക്കുകയും മധുരപലഹാരങ്ങളില്‍ മണ്ണ് വാരി വിതറുകയും ചെയ്തു. ഈ സംഭവത്തോടെ അല്‍പ്പേഷിനെതിരെയും താക്കൂര്‍ സേനയ്‌ക്കെതിരെയും വിമര്‍ശനമുയര്‍ന്നിരുന്നു.