ന്യൂദല്‍ഹി: കൊവിഷീല്‍ഡ് വാക്‌സിന്റെ ഇടവേള വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്ധ സമിതി നിര്‍ദേശത്തിന് പിന്നാലെ വാക്‌സിനേഷന്‍ പ്രക്രിയയുടെ സുതാര്യതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.
മോദി സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സുതാര്യത പ്രീക്ഷിക്കാമോ എന്നാണ് ജയറാം രമേശ് ചോദിച്ചത്.
‘ആദ്യം രണ്ടാമത്തെ ഡോസിന് നാല് ആഴ്ചയും പിന്നീട് 6-8 ആഴ്ചയുമായിരുന്നു. ഇപ്പോള്‍ ഞങ്ങളോട് പറയുന്നു 12-16 ആഴ്ചവരെയാണെന്ന്. ആവശ്യക്കാര്‍ക്ക് നല്‍കാനുള്ള ഡോസ് കയ്യില്‍ ഇല്ലാത്തതുകൊണ്ടോ അതോ ശാസ്ത്രീയ ഉപദേശം അങ്ങനെ ആയതിനാലാണോ? മോദി സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സുതാര്യത ഞങ്ങള്‍ക്ക് പ്രതീക്ഷിക്കാമോ?,’ ജയറാം രമേശ് ചോദിച്ചു.
മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കൊവിഷീല്‍ഡിന്റെ രണ്ടു ഡോസുകള്‍ തമ്മിലുള്ള ഇടവേള ദീര്‍ഘിപ്പിക്കുന്നത്.
ആദ്യ ഡോസ് എടുത്ത് കഴിഞ്ഞതിന് 28 ദിവസത്തിന് ശേഷം രണ്ടാം ഡോസ് നല്‍കാനായിരുന്നു തീരുമാനം. പിന്നീടത് ആറ് മുതല്‍ എട്ട് ആഴ്ചവരെ ദീര്‍ഘിപ്പിച്ചിരുന്നു.
എന്നാല്‍ കൊവിഷീല്‍ഡ് വാക്സിന്റെ രണ്ടാം ഡോസ് 12 മുതല്‍ 16 ആഴ്ചവരെ ദീര്‍ഘിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ വിദഗ്ധ സമിതിയുടെ പുതിയ നിര്‍ദേശം. ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ തുടരുന്ന രീതി ഇതാണെന്നും ശരീരത്തിലെ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഇത് ഗുണകരമാണെന്നുമാണ് വിലയിരുത്തല്‍.
കൊവിഡ് മുക്തര്‍ക്ക് ആറ് മാസത്തിനു ശേഷം കുത്തിവെയ്പ് മതിയെന്നും വിദഗ്ധ സമിതി അറിയിച്ചു.
കൊവാക്സിന്റെ രണ്ടു ഡോസുകള്‍ എടുക്കുന്നതിനിടയിലെ ഇടവേളയില്‍ മാറ്റം വന്നിട്ടില്ല. കൊവിഷീല്‍ഡ് വാക്സിന് രാജ്യമൊട്ടാകെ ക്ഷാമം നേരിടുന്ന ഘട്ടത്തിലാണ് സമിതിയുടെ പുതിയ റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Congress questions new recommendation of ‘12-16 week gap for Covishield