കോതമംഗലം: തിങ്കളാഴ്ച കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലത്ത് പ്രതിഷേധ സമരം നടത്തിയ കോൺഗ്രസ് എം.എൽ.എ മാത്യു കുഴൽ നാടനെയും എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്ത് പൊലീസ്. കോതമംഗലത്ത് എൽദോസ് കുന്നപ്പിള്ളിയുടെയും കുഴൽനാടന്റെയും നേതൃത്വത്തിൽ അനിശ്ചിതകാല ഉപവാസ സമരം തുടങ്ങിയതിന് പിന്നാലെയാണ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.
സമര പന്തലിൽ നിന്ന് അർധ രാത്രിയോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പിന്നീട് മൂന്ന് മണിയോടെ ഇരു നേതാക്കൾക്കും കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അന്യായമായി സംഘം ചേരുക, കലാപത്തിന് ശ്രമിക്കുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് നേതാക്കൾക്കെതിരെ കേസെടുത്തത്.
ഔദ്യോഗിക കൃത്യ നിർവഹണത്തിന് തടസം നിന്നു, പൊലീസിനെ ആക്രമിച്ചു, മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അറസ്റ്റിന് പിന്നാലെ പൊലീസും പ്രവർത്തകരും തമ്മിൽ എറ്റുമുട്ടി. പൊലീസ് വാഹനങ്ങൾ ഉൾപ്പടെ പ്രതിഷേധക്കാർ അടിച്ച് തകർത്തു. പിന്നീട് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി.
ആകെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയുന്ന 30 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്നും യു.ഡി.എഫ് അറിയിച്ചു.
ഡീൻ കുര്യാക്കോസ് എം.പി, മുഹമ്മദ് ഷിയാസ്, മാത്യു കുഴൽനാടൻ തുടങ്ങിയ നേതാക്കൾ ചേർന്നാണ് മോർച്ചറിയിൽ കയറി മൃതദേഹം പിടിച്ചെടുത്ത് കോതമംഗലത്ത് സമരം നടത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അടിമാലി കാഞ്ഞിരവേലി സ്വദേശി ഇന്ദിരയുടെ മൃതദേഹവുമയി കോൺഗ്രസ് നേതാക്കൾ ഉൾപ്പടെയുള്ളവർ റോഡ് ഉപരോധിച്ചത്. പിന്നാലെ പൊലീസ് സമരക്കാരിൽ നിന്നും മൃതദേഹം പിടിച്ചെടുത്ത് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Contant Highlight: congress protests with body of idukki wild elephant attack dcc president shiyas arrested mathew kuzhalnadan in custody