| Friday, 7th September 2012, 2:40 pm

വനിതാ പോലീസിനെ മര്‍ദിച്ച സംഭവം: കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പോലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒഡീഷ: നിയമസഭാ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസിനെ മര്‍ദിച്ചതിനെതിരെ പ്രക്ഷോഭ ഭീഷണിയുമായി ഒഡീഷയിലെ പോലീസ് സേന രംഗത്ത്. വനിതാ പോലീസിനെയടക്കം മൃഗീയമായി മര്‍ദിച്ചവരെ 48 മണിക്കൂറിനകം അറസ്റ്റ് ചെയ്തില്ലെങ്കില്‍ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പോലീസ് അസോസിയേഷന്‍ മുന്നറിയിപ്പ്  നല്‍കി. []

കല്‍ക്കരി ഖനി അഴിമതിയില്‍ ഒഡീഷ മുഖ്യമന്ത്രി നവീണ്‍ പട്‌നായിക്കിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ നടന്ന കോണ്‍ഗ്രസ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തില്‍ 60 പോലീസുകാര്‍ക്കും 260 ഓളം പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിരുന്നു.

സംഘര്‍ഷത്തിനിടെ ഒരു വനിതാ പോലീസിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിച്ചിഴച്ച് മര്‍ദിച്ചുവെന്ന് പോലീസ് ആരോപണമുന്നയിച്ചിരുന്നു. പരുക്കേറ്റ മറ്റൊരു പോലീസുകാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

പ്രക്ഷോഭകര്‍ക്കുനേരെ പോലീസ് ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചെങ്കിലും ഇവരെ പിന്തിരിപ്പിക്കാന്‍ സാധിച്ചില്ല. പോലീസിനെ മര്‍ദിച്ചും കല്ലെറിഞ്ഞും ബാരിക്കേഡ് തകര്‍ത്ത് നിയമസഭാ മന്ദിരത്തിലേക്ക് കടക്കാന്‍ പ്രക്ഷോഭകര്‍ ശ്രമിച്ചതായി പോലീസ് ആരോപിക്കുന്നു.

അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം മാപ്പ് പറഞ്ഞു. ഒഡീഷയിലെ പാര്‍ട്ടി കാര്യങ്ങളുടെ ചുമതലയുള്ള ജഗദീഷ് ടൈറ്റ്‌ലര്‍ ആണ് മാപ്പ് പറഞ്ഞത്.

We use cookies to give you the best possible experience. Learn more