ന്യൂദല്‍ഹി: നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെ പേര് മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. നെഹ്റുവിന്റെ പൈതൃകത്തെ നിഷേധിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വളച്ചൊടിക്കുക, അപകീര്‍ത്തിപ്പെടുത്തുക, നശിപ്പിക്കുക എന്ന ഒരൊറ്റ അജണ്ടയാണ് നരേന്ദ്ര മോദിക്കുള്ളതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടത്തി.
നിരന്തരമായ വേട്ടയാടല്‍ നടത്തിയാലും ജവഹര്‍ലാല്‍ നെഹ്റുവിന്റെ പൈതൃകം ലോകത്തിന് കാണാനായി നിലനില്‍ക്കുമെന്നും വരും തലമുറകളെ അദ്ദേഹം പ്രചോദിപ്പിക്കുന്നത് തുടരുമെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് ട്വീറ്റ് ചെയ്തു.
‘നെഹ്റുവിനെ വികലമാക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുക എന്ന ഒരൊറ്റ അജണ്ടയാണ് പ്രധാനമന്ത്രി മോദിക്കുള്ളത്. അതിന്റെ ഭാഗമായിട്ടാണ് ഈ പേരുമാറ്റം,’ ജയറാം രമേശ് ട്വീറ്റ് ചെയ്തു.
മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ ചരമവാര്‍ഷികത്തില്‍ നെഹ്റുവിന്റെ പൈതൃകം ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്ന് കോണ്‍ഗ്രസ് എം.പി മാണിക്കം ടാഗോറും ആരോപിച്ചു.
‘പണ്ഡിറ്റ് നെഹ്റു ജനങ്ങളുടെ ഹൃദയത്തിലാണ് ജീവിക്കുന്നത്. അദ്ദേഹം ഇന്ത്യയിലുടനീളം സ്‌നേഹിക്കപ്പെടുന്നു. അത് സഹിക്കാന്‍ കഴിയാഞ്ഞിട്ടുള്ള നീക്കമാണ് ബി.ജെ.പി നടത്തുന്നത്,’ ടാഗോര്‍ പറഞ്ഞു.