ബെംഗളുരു: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ലിംഗായത്തുകള്‍ക്ക് പ്രത്യേകപദവി നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു. ഈ വിഭാഗത്തിന് പ്രത്യേക മതപദവി നല്‍കിയതില്‍ പ്രതിഷേധിച്ച് കര്‍ണ്ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് എം.എല്‍.എ ഷമനൂര്‍ ശിവശങ്കരപ്പയും, മകനും കോണ്‍ഗ്രസ്സ് വിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് ചേര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഈ പിന്‍മാറ്റം കോണ്‍ഗ്രസ്സിന് വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പട്ടത്. നിലവില്‍ സംസ്ഥാനത്തെ വീരശൈവ ലിംഗായത്തിന്റെ മഹാസഭ പ്രസിഡന്റാണ് ശിവശങ്കരപ്പ.
നേരത്തേ സര്‍ക്കാരിന്റെ തീരുമാനത്തെ ശിവശങ്കരപ്പ പിന്തുണച്ചിരുന്നു. എന്നാല്‍ പിന്നീട് പിന്തുണ പിന്‍വലിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
“”ബസവ തത്വങ്ങളെ അംഗീകരിക്കുന്നവരെ ലിംഗായത്ത് ആയി പരിഗണിക്കുമെന്നാണ് കേന്ദ്രത്തിനയച്ച ശുപാര്‍ശയില്‍ സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ വീരശൈവര്‍ ബാസവണ്ണ ജീവിച്ചിരുന്ന 12ആം നൂറ്റാണ്ടിന് മുമ്പ് തന്നെ വീരശൈവ സമുദായം ഉണ്ടായിരുന്നു. സര്‍ക്കാര്‍ തങ്ങളെ പറ്റിക്കുകായിരുന്നു””- എന്നാണ് ശിവശങ്കരപ്പ പറഞ്ഞത്.
എന്നാല്‍ വിവാദ തീരുമാനത്തിനുശേഷം ശിവശങ്കരപ്പയും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.