| Monday, 18th March 2019, 11:01 am

നേതൃത്വം ജയരാജന് ഒത്താശ ചെയ്യുകയാണ്: വടകരയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ നേതൃത്വത്തിനെതിരെ വടകരയില്‍ പ്രതിഷേധം. കോണ്‍ഗ്രസ് നേതൃത്വം ജയരാജന് ഒത്താശ ചെയ്യുകയാണെന്ന് ആരോപിച്ചാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

“സേവ് കോണ്‍ഗ്രസ്” എന്ന പേരില്‍ കുറ്റ്യാടിയില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എതിരാളികള്‍ക്ക് കീഴടങ്ങുന്ന പാര്‍ട്ടി നയം വേണ്ടെന്നും വിമര്‍ശനം. ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. സ്ഥാനാര്‍ത്ഥി ദുര്‍ബലനെങ്കില്‍ പരസ്യപ്രതിഷേധമുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്.

Also read:വടകരയില്‍ മത്സരിക്കണമെന്ന് ബിന്ദു കൃഷ്ണയോട് കോണ്‍ഗ്രസ്: പറ്റില്ലെന്ന് മറുപടി

വടകരയില്‍ പി. ജയരാജനെ സ്ഥാനാര്‍ത്ഥിയായി എല്‍.ഡി.എഫ് പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കിപ്പുറവും യു.ഡി.എഫിന് സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാനായിട്ടില്ല. പി. ജയരാജന്‍ പ്രചരണ രംഗത്തും സജീവമാണ്. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ അമര്‍ഷത്തിന് വഴിവെച്ചിട്ടുണ്ട്.

വടകരയില്‍ സജീവ് മാറോളി, അഡ്വ. പ്രവീണ്‍ കുമാര്‍ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ളത്. ഉച്ചയ്ക്ക് മുമ്പ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും.

ജയരാജനെ തോല്‍പ്പിക്കാനായി വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും മത്സരത്തിനില്ലെന്നും ആര്‍.എം.പി.ഐ അറിയിച്ചിരുന്നു. കൊലയാളി ജയരാജന്റെ പരാജയം ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നാണ് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞത്.

അതേസമയം, വടകരയ്ക്കു പുറമേ വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല.

വയനാട് സീറ്റിനായുള്ള എ, ഐ ഗ്രൂപ്പുകളുടെ അവകാശവാദം കോണ്‍ഗ്രസിനെ കുഴക്കുന്നുണ്ട്. ടി. സിദ്ദിഖിന് സീറ്റ് നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എ. ഗ്രൂപ്പ്. എന്നാല്‍ ഇത് അനുസരിച്ചാല്‍ ഐ ഗ്രൂപ്പ് ഒരുക്കമല്ല.

വര്‍ഷങ്ങളായി കൈവശമുള്ള സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിക്കുന്ന ഐ ഗ്രൂപ്പ്, ഷാനിമോള്‍ ഉസ്മാന്റെ അടക്കം മൂന്നുപേരുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

വിഷയത്തില്‍ പരിഹാരം കാണാന്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി ദേശീയ നേതൃത്വം ഇന്ന് ദല്‍ഹിയില്‍ ചര്‍ച്ച നടത്തും.

We use cookies to give you the best possible experience. Learn more