തിരുവനന്തപുരം: ഇന്ധനവിലക്കയറ്റത്തിനെതിരെ സംസ്ഥാന വ്യാപകമായി ചക്രസ്തംഭന സമരം നടത്തി കോണ്‍ഗ്രസ്. എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡി.സി.സികളുടെ നേതൃത്വത്തിലാണ് ചക്രസ്തംഭന സമരം നടന്നത്. ഇന്ധന വിലക്കയറ്റത്തിന് എതിരെയും കേരളം നികുതി കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ത്തിയുമാണ് 15 മിനിറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രതിഷേധം സംഘടിപ്പിച്ചത്.
പാലക്കാട് സുല്‍ത്താന്‍പേട്ട ജംഗ്ഷനില്‍ നടന്ന സമരത്തില്‍ സംഘര്‍ഷമുണ്ടായി. വി.കെ. ശ്രീകണ്ഠന്‍ എം.പിയും പൊലീസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. സമരത്തില്‍ രമ്യ ഹരിദാസ് എം.പി അടക്കം പങ്കെടുത്തു.
സമരം നിശ്ചയിച്ച സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ പൊലീസ് തടഞ്ഞെന്നും കയ്യേറ്റം ചെയ്തെന്നും വി.കെ. ശ്രീകണ്ഠന്‍ എം.പി ആരോപിച്ചു.
കണ്ണൂരില്‍ നടന്ന സമരത്തിലും നേരിയ സംഘര്‍ഷമുണ്ടായി. കണ്ണൂരില്‍ യാത്ര പൂര്‍ണമായി തടസ്സപ്പെടുത്തിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പൊലീസ് സമരക്കാരെ നീക്കി. കൊച്ചിയില്‍ ചക്രസ്തംഭന സമരം മേനകാ ജംഗ്ഷനില്‍ ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ നിന്നും പാളയം-വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയുള്ള സമരം കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സമരത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പങ്കെടുത്തില്ല.
അതേസമയം, കോഴിക്കോട് ചക്രസ്തംഭന സമരം ഉദ്ഘാടനം വൈകി. സമരം ഉദ്ഘാടനം ചെയ്യേണ്ട കെ. മുരളീധരന്‍ എം.പി ട്രാഫിക് ബ്ലോക്കില്‍ പെട്ടതോടെയാണ് സമരം ഉദ്ഘാടനം ചെയ്യുന്നത് വൈകിയത്.
ഉദ്ഘാടനം വൈകിയെങ്കിലും 11 മണിക്ക് ചക്രസ്തംഭന സമരം ആരംഭിക്കുകയും 15 മിനുട്ടിന് ശേഷം സമരം അവസാനിപ്പിച്ച് വാഹനങ്ങള്‍ കടത്തിവിട്ടെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ അറിയിച്ചു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Congress Protest Against Fuel price hike