ആലുവ: മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ ആരോപണവിധേയനായ ആലുവ ഈസ്റ്റ് സി.ഐ സുധീറിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. സുധീറിനെതിരായ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസും യു.ഡി.എഫും സമരം തുടരുകയാണ്.
കേസുമായി ബന്ധപ്പെട്ട് എസ്.പിയും ഡി.ഐ.ജിയും പൊലീസ് സ്റ്റേഷനിലെത്തി. സ്റ്റേഷനിലേക്ക് വരുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡി.ഐ.ജിയുടെ വാഹനം തടഞ്ഞു. വാഹനത്തിന്റെ ആന്റിന പ്രവര്‍ത്തകര്‍ ഒടിച്ചെടുത്തു.
പ്രതിഷേധം കനത്തതോടെ നേതാക്കളുമായി പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി വരികയാണ്. പൊലീസ് സ്റ്റേഷന്റെ മുറ്റത്തും പുറത്തുമായി കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് പ്രതിഷേധം നടക്കുന്നുണ്ട്. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരും റോഡ് ഉപരോധിച്ച് പ്രതിഷേധം നടത്തുന്നുണ്ട്.
സി.ഐയില്‍ നിന്ന് നേരിട്ട് വിശദീകരണം തേടാനാണ് ഡി.ഐ.ജി സ്റ്റേഷനിലെത്തിയതെന്നാണ് വിവരം.
സി.ഐ സുധീറിനെ സ്റ്റേഷന്‍ ചുമതകളില്‍ നിന്ന് മാറ്റിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും സി.ഐ ഇന്ന് ഡ്യൂട്ടിക്കെത്തിയിരുന്നു.
ഇയാള്‍ക്കെതിരെ ആരോപണവുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തിയിട്ടുണ്ട്.
ഗാര്‍ഹിക പീഡന പരാതി നല്‍കിയ യുവതിയാണ് രംഗത്തെത്തിയത്.
ഇന്ന് മോഫിയയുടെ പേരാണ് കേട്ടതെങ്കില്‍ നാളെ തന്റെ പേരും കേള്‍ക്കേണ്ടി വരും എന്ന് യുവതി പറഞ്ഞു. ആലുവ സ്റ്റേഷനിലെത്തിയ തന്റെ പരാതി രേഖപ്പെടുത്താന്‍ പോലും സി.ഐ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു.
ആലുവയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥി മോഫിയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ഐക്കെതിരെ ആരോപണങ്ങള്‍ ഉയരുന്നതിനിടയൊണ് മറ്റൊരു യുവതി കൂടി സി.ഐക്കെതിരെ രംഗത്തെത്തിയത്.
മോഫിയ ഭര്‍ത്താവിനെതിരെ നല്‍കിയ സ്ത്രീധന പീഡന പരാതിയില്‍ പൊലീസ് സ്റ്റേഷനില്‍ ഭര്‍തൃവീട്ടുകാരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ വെച്ച് പെണ്‍കുട്ടിയെയും കുടുംബത്തെയും പൊലീസ് അധിക്ഷേപിച്ചു എന്ന് ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് മൊഫിയ ആത്മഹത്യ ചെയ്തത്. ഭര്‍തൃവീട്ടുകാര്‍ക്കുപുറമെ ആലുവ പൊലീസിനെതിരെയും ആത്മഹത്യ കുറിപ്പില്‍ പരാമര്‍ശമുണ്ട്.
സി.ഐക്കെതിരെ നടപടിയെടുക്കണമെന്നും ഭര്‍ത്താവും മാതാപിതാക്കളും ക്രിമിനലുകളാണെന്നും അവര്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നും അത് തന്റെ അവസാന ആഗ്രഹമാണെന്നും മൊഫിയയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്.
കൊല്ലത്തെ വിവാദമായ ഉത്ര കൊലക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സുധീര്‍. ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നുവെന്ന കേസിന്റെ അന്വേഷണ ഘട്ടത്തില്‍ ഇയാള്‍ വീഴ്ച വരുത്തിയിരുന്നു. ഇത് വിവാദമായതോടെ ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റി. ഉത്ര കേസിലെ സുധീറിന്റെ അന്വേഷണ വീഴ്ചയെ കുറിച്ച് ഉള്ള പൊലീസിന്റെ ആഭ്യന്തര അന്വേഷണം ഈ മാസം 19 നാണ് പൂര്‍ത്തിയായത്.
ഇതിന് മുമ്പ് അഞ്ചല്‍ ഇടമുളയ്ക്കലില്‍ മരിച്ച ദമ്പതിമാരുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് ഒപ്പിടാന്‍ സ്വന്തം വീട്ടിലേക്ക് മൃതദ്ദേഹം എത്തിച്ച സംഭവത്തിലും സുധീറിനെതിരെ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. 2020 ജൂണിലായിരുന്നു ഈ കേസ് നടന്നത്. അഞ്ചല്‍ സി.ഐ ആയിരുന്നു അന്ന് സുധീര്‍.