| Friday, 25th August 2023, 1:11 pm

കോണ്‍ഗ്രസ് കൊലപാതകികള്‍ക്ക് പ്രൊമോഷന്‍ കൊടുക്കുന്നു; സതീശന്‍ പ്രതിയെ സംരക്ഷിക്കുന്നു: ഡി.വൈ.എഫ്.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: തുവ്വൂര്‍ കൊലപാതകക്കേസിലെ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഷ്ണു മുന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പരാമര്‍ശത്തിനെതിരെ ഡി.വൈ.എഫ്.ഐ. സതീശന്‍ പ്രതിയെ സംരക്ഷിക്കാന്‍ വേണ്ടി നോക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മാധ്യമങ്ങളോട് പറഞ്ഞു. മുന്‍ ഡി.വൈ.എഫ്.ഐക്കാരനെ എങ്ങനെയാണ് യൂത്ത് കോണ്‍ഗ്രസ് പുറത്താക്കിയെന്ന് പ്രഖ്യാപിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

‘കേരളത്തെ നടുക്കിയ കൊലപാതകമായിരുന്നു തുവ്വൂരിലെ സുജിതയുടേത്. കൊലപാതകം നടത്തിയത് യൂത്ത് കോണ്‍ഗ്രസിന്റെ മണ്ഡലം സെക്രട്ടറിയായിരുന്ന വിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു. വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും അതുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ട് പോകുകയും ചെയ്യുകയാണ്.

സംഭവത്തില്‍ ഗൗരവമായ അന്വേഷണം വേണമെന്നും വിഷ്ണുവിനെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസുമായുള്ള ബന്ധം അന്വേഷണത്തിന്റെ പരിധിയില്‍ വരുത്തണമെന്നും ഡി.വൈ.എഫ്.ഐ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.

ഈ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തിലെ മാധ്യമങ്ങള്‍ യൂത്ത് കോണ്‍ഗ്രസിനെ വെള്ളപ്പൂശുന്ന, രാഷ്ട്രീയ ബന്ധം മറച്ചുവെക്കുന്ന നിലയിലാണ് ഇടപെടല്‍ നടത്തിയത്. പ്രധാനപ്പെട്ട മാധ്യമങ്ങള്‍ തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ബന്ധം പുറത്ത് വരുന്ന രീതിയില്‍ വാര്‍ത്തകള്‍ ചെയ്തിട്ടില്ല. പിന്നീട് ഒരു ഘട്ടം കഴിഞ്ഞാണ് അല്‍പ്പമെങ്കിലും വാര്‍ത്ത ഇതുമായി വരാന്‍ തുടങ്ങിയത്.

എന്നാല്‍ ഈ വാര്‍ത്തകളില്‍ മറ്റ് വാര്‍ത്തകള്‍ക്ക് നല്‍കുന്ന പ്രാധാന്യം നല്‍കിയിട്ടില്ല. നിഷ്ഠൂരമായ നിലയില്‍ ഒരു സ്ത്രീയെ കൊന്ന് ആഭരണങ്ങള്‍ കൊള്ളയടിച്ച് സ്വന്തം വീട്ടുമുറ്റത്ത് കുഴിച്ച് മൂടി. ആ കൊലപാതകം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വരാതിരിക്കാനുള്ള പല ഇടപെടലും നടത്തി.

അതിന്റെ ഭാഗമായാണ് ഈ സ്ത്രീയെ കാണാനില്ലെന്ന് പ്രഖ്യാപിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. ആ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിന്റെ സ്വാഗതപ്രാംസംഗികനായി നിശ്ചയിച്ചത് വിഷ്ണുവിനെയാണ്. അപ്പോള്‍ കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃനിരയില്‍പ്പെട്ടയാളാണ് വിഷ്ണുവെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്.

എന്നാല്‍ ഇന്നലെ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ഒന്നും അറിയാത്ത മട്ടിലാണ് മാധ്യമങ്ങളോട് സംസാരിച്ചത്. അയാള്‍ ഈ പ്രതിയെ സംരക്ഷിക്കാന്‍ വേണ്ടി നോക്കുകയാണ്. വിഷ്ണു മുന്‍ ഡി.വൈ.എഫ്.ഐക്കാരന്‍ എന്നാണ് പറഞ്ഞത്. മുന്‍ ഡി.വൈ.എഫ്.ഐക്കാരനെ എങ്ങനെയാണ് യൂത്ത് കോണ്‍ഗ്രസ് പുറത്താക്കിയെന്ന് പ്രഖ്യാപിക്കുക. എന്തിനാണ് സതീശന്‍ കൊലപാതകിയെ സംരക്ഷിക്കുന്നത്. യാതൊരു മടിയുമില്ലാതെ പച്ചക്കള്ളം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. വി.ഡി. സതീശന്റെ തല പരിശോധിക്കേണ്ടതുണ്ട്. എങ്ങനെയാണ് ഇത്ര പ്രത്യക്ഷമായി കള്ളം പ്രചരിപ്പിക്കുന്നത്,’ സനോജ് പറഞ്ഞു.

പക്ഷേ സതീശന്‍ അങ്ങനെ പറഞ്ഞപ്പോഴും വളരെ കുറച്ച് മാധ്യമങ്ങള്‍ മാത്രമാണ് ഉപചോദ്യം ചോദിക്കാന്‍ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കാര്യങ്ങളും വിഷ്ണു സമ്മതിക്കുന്നുണ്ടെന്നും എന്നിട്ടും സതീശന് സമ്മതിക്കാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇതിനകത്ത് എന്തോ ഒരു ഗൂഢാലോചനയുണ്ടെന്നാണ് മനസിലാക്കേണ്ടത്. ഇയാളെ വെള്ള പൂശാനും അന്വേഷണം വഴിത്തിരിച്ച് വിടാനും പല തരത്തിലുള്ള ഗൂഢാലോചന നടക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സതീശന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. കൊലപാതകികളെ സംരക്ഷിക്കുന്ന നിലപാട് വി.ഡി.സതീശനും കെ.സുധാകരനും നേരത്തെ സ്വീകരിച്ചിട്ടുണ്ട്. ഇത് കേരളീയ പൊതു സമൂഹം മനസിലാക്കണം,’ സനോജ് പറഞ്ഞു.

കേരളത്തില്‍ ഏത് ക്രിമിനല്‍ പ്രവര്‍ത്തനവും യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയാല്‍ ആ പ്രവര്‍ത്തനത്തിലെല്ലാം കുടപിടിക്കുന്ന ഒരു രീതി വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനുമുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫും പ്രതികരിച്ചു.

‘കേരളത്തില്‍ ഏത് ക്രിമിനല്‍ പ്രവര്‍ത്തനവും യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയാല്‍ ആ പ്രവര്‍ത്തനത്തിലെല്ലാം കുടപിടിക്കുന്ന ഒരു രീതി സതീശനും സുധാകരനുമുണ്ട്. നേരത്തെ കോണ്‍ഗ്രസുകാരന്റെ മകനായ സഖാവ് ധീരജിനെ ക്രൂരമായി കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസിന്റെ നേതാവ് നിഖില്‍ പൈലിയെ പരസ്യമായി സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസുമെടുത്തത്. പുതുപ്പള്ളിയില്‍ പോലും നിഖില്‍പൈലിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കൊണ്ടുവരികയാണ്. കൊലപാതകം നടത്തിയവര്‍ക്ക് പ്രൊമോഷന്‍ കൊടുത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കുന്നു,’ വി.വസീഫ് പറഞ്ഞു.

ഈ മാസം 11 നായിരുന്നു കൃഷിഭവന്‍ ജീവനക്കാരിയായ സുജിതയെ കാണാതാകുന്നത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് വിഷ്ണുവിന്റെ വീട്ടുമുറ്റത്തെ മാലിന്യം നിറഞ്ഞ കുഴിയിലാണ് സുജിതയുടെ മൃതദേഹം കണ്ടെത്തിയത്. വിഷ്ണുവും സഹോദരങ്ങളായ വൈശാഖും സുഹൃത്ത് സഹദും ചേര്‍ന്നാണ് സുജിതയെ കൊലപ്പെടുത്തിയത്. കൈകാലുകള്‍ ബന്ധിച്ച് പ്ലാസ്റ്റിക്ക് കവറിലാക്കിയാണ് മൃതദേഹം ഉണ്ടായിരുന്നത്.
സുജിതയുടെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇത് വിറ്റ് ലഭിച്ച ആറര ലക്ഷം രൂപ പ്രതികള്‍ പങ്കിട്ടുവെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് വിഷ്ണുവിന്റെ അച്ഛനും അറസ്റ്റിലായിട്ടുണ്ട്.

CONTENT HIGHLIGHTS: Congress promotes murderers; Satheesan defends the accused: DYFI

We use cookies to give you the best possible experience. Learn more