| Saturday, 29th December 2018, 9:33 pm

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് കര്‍ഷകര്‍ക്ക് നല്‍കിയത് കോലുമിഠായി; പരിഹാസവുമായി മോദി, തിരിച്ചടിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസിപൂര്‍: കര്‍ഷര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് അവരെ തെറ്റിദ്ധരിപ്പിക്കുകായായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് സര്‍ക്കാര്‍ ചില സംസ്ഥാനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും കര്‍ഷകര്‍ക്ക് കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ നല്‍കിയത് കോലുമിഠായി ആണെന്നും മോദി ആരോപിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണ്ണാടക സര്‍ക്കാര്‍ കാര്‍ഷിക കടങ്ങളെല്ലാം എഴുതിത്തള്ളുമെന്ന് പ്രഖ്യാപിച്ചെങ്കിലും വളരെ കുറച്ചു പേരുടെ കടങ്ങള്‍ മാത്രമേ എഴുതിത്തള്ളിയിട്ടുള്ളു എന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, നിയസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്കു ശേഷമാണ് പ്രധാനമന്ത്രിക്ക് കര്‍ഷകരെക്കുറിച്ച് ചിന്ത വരുന്നതെന്ന് കോണ്‍ഗ്രസ്.

കോണ്‍ഗ്രസ് ഒരു കോലുമിഠായി ഫാക്ടറി ആണെന്നും കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് മധ്യപ്രദേശിലും, രാജസ്ഥാനിലും, ചത്തീസ്ഗഢിലും ഭരണം പിടിച്ചു. അവിടങ്ങളിലെ കര്‍ഷകര്‍ ഇപ്പോള്‍ തന്നെ യൂറിയ്ക്ക് വേണ്ടി വരി നിന്ന് കഷ്ടപ്പെടുകയാണ്. ഇവിടെ കര്‍ണ്ണാടകയിലും കോണ്‍ഗ്രസ് പിന്നിലൂടെ കടന്ന് വന്ന് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുകയാണ്. അവര്‍ ജനങ്ങള്‍ക്ക് ലോലിപോപുകളാണ് നല്‍കിയത്. 800 പേരുടെ കാര്‍ഷിക കടങ്ങള്‍ മാത്രമാണ് അവര്‍ എഴുതി തള്ളിയത്. ഇത്തരം കോലുമിഠായി കമ്പനികളെ നിങ്ങള്‍ എങ്ങനെ വിശ്വസിക്കും മോദി പറഞ്ഞു

കോണ്‍ഗ്രസിനേയും അവരുടെ കള്ളങ്ങളേയും കരുതിയിരിക്കുക ഗാസിയാപൂരിലെ മെഡിക്കല്‍ കോളേജില്‍ തറക്കല്ലിടല്‍ ചടങ്ങിനിടെ അദ്ദേഹം ജനങ്ങളോട് പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളില്‍ ബി.ജെ.പി പരാജയപ്പെട്ടതിനു ശേഷമാണ് പ്രധാനമന്ത്രിക്ക് കര്‍ഷകരെക്കുറിച്ച് ചിന്ത വരുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതു വരെയും കര്‍ഷകരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതു വരെയും പ്രധാനമന്ത്രിയേയും അവരുടെ പാര്‍ട്ടിയേയും ഉറക്കില്ലെന്ന് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ആവര്‍ത്തിച്ചു കൊണ്ടായിരുന്നു കോണ്‍ഗ്രസ് വക്താവ് ആര്‍.എന്‍.പി സിങ്ങ് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ തിരിച്ചടിച്ചത്‌.

We use cookies to give you the best possible experience. Learn more