'പദവികളില്‍ ഇരിക്കുന്നവര്‍ പ്രചരണത്തിനിറങ്ങരുത്, ദുഷ്പ്രചരണം പാടില്ല...'; കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
national news
'പദവികളില്‍ ഇരിക്കുന്നവര്‍ പ്രചരണത്തിനിറങ്ങരുത്, ദുഷ്പ്രചരണം പാടില്ല...'; കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd October 2022, 1:07 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി പാര്‍ട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി. സുതാര്യവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്.

ശശി തരൂരും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് മത്സര രംഗത്തുള്ളത്.

”ഉത്തരവാദിത്തപ്പെട്ട പദവികളില്‍ ഇരിക്കുന്നവര്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണത്തിനിറങ്ങരുത്, അങ്ങനെ ഇറങ്ങിയാല്‍ പദവി രാജിവെക്കണം, തരൂരിനും ഖാര്‍ഗെക്കും പ്രചരണത്തിന് വേണ്ട സൗകര്യങ്ങള്‍ അതത് സംസ്ഥാനങ്ങളിലെ പി.സി.സി അധ്യക്ഷന്മാര്‍ ഒരുക്കണം,

സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാരുമായി ചേര്‍ന്ന് യോഗം വിളിക്കുമ്പോള്‍ അതിന് സൗകര്യമൊരുക്കുക എന്നതിനപ്പുറം പി.സി.സി അധ്യക്ഷന്മാര്‍ സ്വന്തം നിലയ്ക്ക് യോഗം വിളിക്കരുത്, ഇരു സ്ഥാനാര്‍ത്ഥികളെയും (ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ) ഒരുപോലെ പരിഗണിക്കണം,

ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നതിന് വിലക്കുണ്ട്. വോട്ടര്‍മാരെ വാഹനത്തില്‍ കൂട്ടത്തോടെ എത്തിച്ച് വോട്ട് ചെയ്യുന്ന രീതി പാടില്ല, സ്ഥാനാര്‍ത്ഥികള്‍ പരസ്പരം ദുഷ്പ്രചരണം നടത്തരുത്, അത്തരം പ്രചരണങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കും,” എന്നിങ്ങനെയാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

ഇവ ലംഘിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കാന്‍ വ്യവസ്ഥയുണ്ടെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, പ്രചരണത്തിന്റെ ഭാഗമായി നേതാക്കളെ നേരില്‍ കാണുന്നതിനും വോട്ടഭ്യര്‍ത്ഥിക്കുന്നതിനുമായി ശശി തരൂര്‍ ഹൈദരാബാദിലെത്തി. ഹൈക്കമാന്‍ഡിന്റെ പിന്തുണയുള്ളതിനാല്‍ കാര്യങ്ങള്‍ അനുകൂലമാകുമെന്ന നിലപാടാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക്.

നേരത്തെ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുന്നതിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമടക്കം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് പരസ്യമായി പ്രതികരിച്ചിരുന്നു.

സെപ്റ്റംബര്‍ 24 മുതല്‍ 30 വരെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. വെള്ളിയാഴ്ചയാണ് തരൂര്‍ പത്രിക സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഒക്ടോബര്‍ 17ന് തെരഞ്ഞെടുപ്പ് നടക്കും.

അവസാന നിമിഷമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തെരഞ്ഞെടുക്കുന്നത്. നേരത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ട് വന്നിരുന്നു.

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നായിരുന്നു ഗെലോട്ടിന്റെ നിലപാട്. ഇത് പാര്‍ട്ടി നേതൃത്വം വിസമ്മതിച്ചതോടെ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഭാഗമാകില്ലെന്ന് ഗെലോട്ട് വ്യക്തമാക്കുകയായിരുന്നു.

Content Highlight: Congress presidential poll, guidelines released