ന്യൂദൽഹി: 22 വർഷത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മല്ലികാർജുൻ ഖാർഗയും, ശശി തരൂരും തമ്മിലാണ് പോരാട്ടം. രാവിലെ പത്ത് മുതൽ വൈകീട്ട് നാല് വരെയായിരിക്കും വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിന് ശേഷം ബാലറ്റ് പെട്ടികൾ വിമാന മാർഗം ദൽഹിയിലെത്തിക്കും. ബുധനാഴ്ചയോടെ ഫലം പ്രഖ്യാപിക്കും.
എ.ഐ.സി.സിയിലും, പി.സി.സികളിലുമായി 67 ബൂത്തുകളിൽ 9308 വോട്ടർമാരാണുള്ളത്. ഭാരത് ജോഡോ യാത്രയിൽ ഒരു ബൂത്തും സജ്ജീകരിച്ചിട്ടുണ്ട്. എ.ഐ.സി.സിയിലും രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്.
ബാലറ്റ് പേപ്പറ്റിൽ ആദ്യപേര് മല്ലികാർജുൻ ഖാർഗെയുടേതാണ്. രണ്ടാമത് തരൂരിന്റെ പേരും നൽകിയിട്ടുണ്ട്. കേരളത്തിലായിരിക്കും തരൂർ വോട്ട് രേഖപ്പെടുത്തുക. ഖാർഗെ കർണാടകത്തിൽ വോട്ട് ചെയ്യും. ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിയും കർണാടകയിൽ വെച്ചായിരിക്കും വോട്ട് രേഖപ്പെടുത്തുക.
കോൺഗ്രസിൽ മാറ്റം വേണ്ടവർ തനിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു തരൂരിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം.
വോട്ടെടുപ്പ് പ്രഖ്യാപിച്ചത് മുതൽ തന്നെ ഏറെ ചർച്ചയായിരുന്നു കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്. അശോക് ഗെലോട്ടിനെ ആദ്യം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കാനായിരുന്നു കോൺഗ്രസിന്റെ നീക്കമെങ്കിലും രാജസ്ഥാനിൽ നിന്ന് മാറ്റമില്ലെന്ന നിലപാടായിരുന്നു ഗെലോട്ടിന്. മുഖ്യമന്ത്രി സ്ഥാനവും അധ്യക്ഷ പദവിയും ഒരുമിച്ച് വഹിക്കാൻ ഗെലോട്ട് അനുമതി തേടിയിരുന്നു. എന്നാൽ അത് പറ്റില്ലെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. ഇതോടെ മത്സരിക്കാൻ താനില്ലെന്നായിരുന്നു ഗെലോട്ടിന്റെ മറുപടി.
ഇതോടെ ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്ന പ്രഖ്യാപനമായിരുന്നു കോൺഗ്രസ് നേതൃത്വം നടത്തിയത്. എന്നാൽ പിന്നീട് മല്ലികാർജുൻ ഖാർഗെ നാമനിർദേശ പത്രിക സമർപ്പിക്കുകയായിരുന്നു. ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയല്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും തരൂരിനെ തഴഞ്ഞ നേതാക്കൾ ഖാർഗെയുടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് പൂർണ പിന്തുണയാണ് നൽകിയിരുന്നത്.
Content Highlight: Congress presidential election to be held today, 67 booths all set for poll