ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ എം.പി മനീഷ് തിവാരിയും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജി-23 അംഗമായിരുന്നു മനീഷ് തിവാരി. ഇതോടെ ജി-23യില്‍ നിന്നും മത്സരിക്കുന്ന രണ്ടാമത്തെയാളാകും മനീഷ്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് മത്സരിക്കില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ തെരഞ്ഞെടുപ്പിലേക്ക് ദിഗ്‌വിജയ് സിങ് രംഗപ്രവേശം നടത്തിയിരുന്നു. പൃഥ്വിരാജ് ചവാന്‍, ഭൂപീന്ദര്‍ ഹൂഡ, മനീഷ് തിവാരി എന്നിവരുള്‍പ്പെടെ ജി-23 നേതാക്കളില്‍ ചിലര്‍ ആനന്ദ് ശര്‍മയുടെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമുണ്ടെന്ന് തിവാരി നേരത്തെ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ മനീഷ് തിവാരി മത്സരിക്കണമോ എന്നത് സംബന്ധിച്ച് വെള്ളിയാഴ്ച അന്തിമ തീരുമാനം അറിയാമെന്നാണ് റിപ്പോര്‍ട്ട്.
ആരും ഇതുവരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ലെന്നും വെള്ളിയാഴ്ചക്ക് ശേഷം മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും തിവാരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം ശശി തരൂര്‍ വെള്ളിയാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
ആഭ്യന്തര തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യ രീതിയില്‍ നടക്കുന്നത് നല്ലതാണെന്നും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നേരത്തെ നന്ദി പറഞ്ഞിരുന്നതായും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. മത്സരത്തിലെ മികച്ച സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഘടനാപരമായ പുനഃപരിശോധനയും എല്ലാ തലങ്ങളിലും ആഭ്യന്തര തെരഞ്ഞെടുപ്പും നടത്തണമെന്ന് ആവശ്യപ്പെട്ട് ജി-23 ഗ്രൂപ്പ് സോണിയാ ഗാന്ധിക്ക് നേരത്തെ കത്തെഴുതിയിരുന്നു.
തെരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും മുഖ്യമന്ത്രി പദവി ഉപേക്ഷിക്കാന്‍ തയ്യാറാകില്ലെന്ന നിലപാടായിരുന്നു ഗെലോട്ട് സ്വീകരിച്ചത്. ഇതോടെ മത്സരത്തിന് ഫീല്‍ഡ് ക്ലിയറായെന്നും താനും മത്സരിക്കാനുണ്ടെന്നുമായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ പ്രതികരണം. ഇതിന് പിന്നാലെ ശശി തരൂരുമായി ദിഗ് വിജയ് സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ തരൂര്‍ തന്നെ തന്റെ ട്വിറ്ററിലൂടെ പങ്കുവെക്കുകയായിരുന്നു.