| Saturday, 18th May 2024, 3:57 pm

'ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കാത്തവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താകും'; അധിറിന് ഖാര്‍ഗെയുടെ താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിക്ക് താക്കീതുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ട്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കാന്‍ അധിര്‍ രഞ്ജന്‍ ചൗധരിക്ക് അധികാരമില്ലെന്ന് ഖാര്‍ഗെ പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബി.ജെ.പിയിലേക്ക് പോകുമെന്ന അധിര്‍ രഞ്ജന്റെ പരാമര്‍ശത്തിലാണ് ഖാര്‍ഗെയുടെ താക്കീത്.

ഹൈക്കമാന്റ് ആണ് പാര്‍ട്ടിയെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ എടുക്കുന്നത്. ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കാത്തവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താകുമെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മമതയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന് പിന്നാലെ അധിര്‍ രഞ്ജന്‍ ചൗധരി ബി.ജെ.പിയുടെ ബീ ടീം കളിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചിരുന്നു. ഇതിനുമുമ്പും മമതയുമായുള്ള സംഘര്‍ഷത്തില്‍ അധിര്‍ രഞ്ജന്‍ വെട്ടിലായിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അധികം സീറ്റുകള്‍ ലഭിക്കുകയാണെങ്കില്‍ മമത ബാനര്‍ജി എന്‍.ഡി.എ സഖ്യത്തെ പിന്തുണക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു അധിര്‍ രഞ്ജന്റെ പ്രസ്താവന. താന്‍ മമതയെ വിശ്വസിക്കുന്നില്ലെന്നും പശ്ചിമ ബംഗാളിലെ സഖ്യം തകര്‍ത്തത് അവരാണെന്നും അധിര്‍ രഞ്ജന്‍ പറഞ്ഞിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് ഇന്ത്യാ മുന്നണിയില്‍ പങ്കാളിയല്ലെന്നും എന്നാല്‍ ഇന്ത്യാ മുന്നണിയെ പുറത്തുനിന്ന് പിന്തുണക്കും എന്നുമുള്ള മമത ബാനര്‍ജിയുടെ പരാമര്‍ശത്തിനു പിന്നാലെയായിരുന്നു അധിര്‍ രഞ്ജന്റെ വിമര്‍ശനം.

25 വര്‍ഷമായി ബംഗാളിലെ ബഹ്റാംപൂരില്‍ നിന്നുള്ള എം.പിയാണ് അധിര്‍ രഞ്ജന്‍ ചൗധരി. ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ് മത്സര രംഗത്തിറക്കിയ ക്രിക്കറ്റ് താരം യൂസഫ് പഠാനെ നേരിട്ടുകൊണ്ടാണ് അധിര്‍ രഞ്ജന്‍ ജനവിധി തേടിയത്.

Content Highlight: Congress president Mallikarjun Kharge warns Adhir Ranjan Chaudhary

We use cookies to give you the best possible experience. Learn more