കല്‍ബുര്‍ഗി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ പ്രചാരണപരിപാടികള്‍ക്ക് തുടക്കമിട്ട് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണം.
അടുത്ത വര്‍ഷം നടക്കാനൊരുങ്ങുന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടേതിന് സമാനമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
എ.ഐ.സി.സി പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിന് ശേഷമുള്ള ആദ്യ കര്‍ണാടക സന്ദര്‍ശനത്തിലാണ് ഖാര്‍ഗെ. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് പറഞ്ഞ ഖാര്‍ഗെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമെല്ലാം പിന്നീട് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
‘ബി.ജെ.പി കര്‍ണാടകയില്‍ ജയിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു അതുകൊണ്ട് തന്നെ ബി.ജെ.പിയെ പോലെ സംസ്ഥാനം മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സഞ്ചരിക്കണം. മോദിയും ഷായും അവരുടെ മന്ത്രിമാരുമെല്ലാം അങ്ങനെയാണ് ചെയ്യുന്നത്. അത്തരത്തില്‍ ഗ്രാമങ്ങളിലൂടെയെല്ലാം സഞ്ചരിക്കണം. ജനങ്ങളെ നമ്മുടെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയണം,’ ഖാര്‍ഗെ പറഞ്ഞു.
ജന്മനാടായ കല്‍ബുര്‍ഗിയില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ വെച്ച് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ഐക്യം രൂപപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഖാര്‍ഗെ സംസാരിച്ചു.
പാര്‍ട്ടി പ്രവര്‍ത്തകരെല്ലാം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണം. അങ്ങനെ ചെയ്തില്ലെങ്കില്‍ അത് നമ്മള്‍ ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമെല്ലാം ഹൈക്കമാന്‍ഡ് തീരുമാനിക്കും. നമ്മള്‍ പരസ്പരം വഴക്ക് കൂടികൊണ്ടിരുന്നാല്‍ നമുക്ക് കരസ്ഥമാക്കാന്‍ സാധിക്കുന്ന വിജയങ്ങള്‍ പോലും കൈവിട്ടുപോകും. അതുകൊണ്ട് നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചേ മതിയാകൂ, ഖാര്‍ഗെ പറഞ്ഞു.
ഹിമാചല്‍ പ്രദേശിലെ വിജയം കര്‍ണാടകയിലും ആവര്‍ത്തിക്കാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിമാചലില്‍ 68 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 40 സീറ്റുകളുമായാണ് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചത്. 35 സീറ്റായിരുന്നു കേവലഭൂരിപക്ഷത്തിന് ആവശ്യമായിരുന്നത്. 2018ന് ശേഷം ആദ്യമായാണ് ഒരു സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുന്നത്.
അതേസമയം, 2017ലെ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളുമായി അധികാരത്തിലേറിയ ബി.ജെ.പി ഈ തെരഞ്ഞെടുപ്പില്‍ 25ലേക്ക് ഒതുങ്ങി. മൂന്ന് ബി.ജെ.പി വിമതരും ഇവിടെ വിജയിച്ചിട്ടുണ്ട്.
കടുത്ത ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് നിലനിന്നിരുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം, ആപ്പിള്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ തുടങ്ങി പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചതിന് തെളിവായാണ് കോണ്‍ഗ്രസിന്റെ വിജയം വിലയിരുത്തപ്പെടുന്നത്.
ഒരുപാട് രാഷ്ട്രീയ നാടകങ്ങളും ഓപ്പറേഷന്‍ താമരയിലൂടെ ബി.ജെ.പി അധികാരം പിടിച്ചെടുക്കുന്നതുമെല്ലാം കണ്ട കര്‍ണാടകയില്‍ ഹിമാചല്‍ വിജയം ആവര്‍ത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
Content Highlight: Congress President Mallikarjun Kharge urges Congress workers to work like BJP during elections