കോട്ടയം: ജാതി വിവേചനത്തിനെതിരെയുള്ള സമരത്തില്‍ ആര്‍.എസ്.എസിന് പങ്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കെ.പി.സി.സി സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ സമരത്തിന്റെ ശതാബാദി ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
ജാതി വിവേചനത്തിനെതിരെ രാജ്യത്ത് അരങ്ങേറിയ ശക്തമായ സമരമായിരുന്നു വൈക്കം സത്യഗ്രഹമെന്നും, ക്ഷേത്ര പ്രവേശനത്തിന് മാത്രമല്ല മറ്റ് സാമൂഹ്യ മാറ്റങ്ങള്‍ക്കും വൈക്കം സത്യഗ്രഹം ഇടയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ കൃത്രിമം കാണിച്ചാണ് ബി.ജെ.പി അയോഗ്യനാക്കിയതെന്നും ഇതിനെ കോണ്‍ഗ്രസ് നിയമപരമായി തന്നെ നേരിടുമെന്നും ഖാര്‍ഗെ പറഞ്ഞു.
‘രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയത് രാജ്യത്തെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. അയോഗ്യതയിലേക്ക് നയിച്ച സംഭവങ്ങള്‍ ബി.ജെ.പി കൃത്രിമം കാണിച്ചതാണ്. ഇതിനെ നിയമപരമായി തന്നെ പ്രതിരോധിക്കും,’ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ജനാധിപത്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. രണ്ട് കോടി തൊഴില്‍ വാഗ്ദാനം ചെയ്ത, 15 ലക്ഷം സാധാരണക്കാരന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്ത മോദി സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു.
പരിപൂര്‍ണമായി കോണ്‍ഗ്രസിന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന ഐതിഹാസിക പോരാട്ടത്തെ ഓര്‍മപ്പെടുത്തലാണ് വൈക്കം സത്യാഗ്രഹമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഇന്നത്തെ മഹാ സമ്മേളനത്തോടെ കോണ്‍ഗ്രസ് നാന്ദി കുറിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ-മതേതരത്വ ഇന്ത്യക്കായി സംഘപരിവാറിനെതിരെ ഒന്നിച്ചൊരൊറ്റ ശബ്ദമായി കോണ്‍ഗ്രസ് പ്രതിരോധം തീര്‍ക്കുന്ന കാഴ്ചയ്ക്കും വ്യാഴാഴ്ച നടന്ന സമ്മേളനം സാക്ഷിയായായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.