ന്യൂദല്‍ഹി: പശ്ചിമ ബംഗാളിലെ ട്രെയിന്‍ അപകടത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇന്ത്യന്‍ റെയില്‍വേയെ മോദി സര്‍ക്കാര്‍ ഒരു കുറ്റവാളിയ്ക്ക് സമാനമായി ഉപേക്ഷിച്ചുവെന്ന് ഖാര്‍ഗെ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷമായി ഇന്ത്യന്‍ റെയില്‍വേയെ തെറ്റായ രീതിയിലാണ് മോദി സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ വലിയ രീതിയില്‍ പരാജയപ്പെട്ടുവെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. എക്സിലൂടെയായിരുന്നു പ്രതികരണം.
മോദി സര്‍ക്കാര്‍ എങ്ങനെയാണ് റെയില്‍ മന്ത്രാലയത്തെ പാര്‍ട്ടിയുടെ പ്രമോഷന് വേണ്ടിയുള്ള ആയുധമാക്കുന്നതെന്ന് അടിവരയിടേണ്ടത് ഉത്തരവാദിത്തപ്പെട്ട ഒരു പ്രതിപക്ഷമെന്ന നിലയില്‍ തങ്ങളുടെ കടമയാണ്. ബംഗാളിലുണ്ടായ ദുരന്തം ഈ നഗ്‌നയാഥാര്‍ത്ഥ്യത്തിന്റെ മറ്റൊരു ഓര്‍മ്മപ്പെടുത്തലാണ് എന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
മോദി സര്‍ക്കാരിനോട് പ്രതിപക്ഷം ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ടേയിരിക്കും. റെയില്‍വേ മന്ത്രാലയത്തെ ഒരു കുറ്റവാളിയെ പോലെ തള്ളിക്കളഞ്ഞതിന്റെ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനെ കൊണ്ട് ഏറ്റെടുപ്പിക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
നിരവധി ആളുകളാണ് അപകടത്തില്‍ പെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ മനസില്‍ വലിയ വേദനയുണ്ടാക്കുന്നു. തങ്ങളുടെ മനസ് അപകടത്തില്‍പെട്ട ആളുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പമാണെന്ന് ഖാര്‍ഗെ എക്സില്‍ കുറിച്ചു. എത്രയും പെട്ടന്ന് തങ്ങളുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ അവര്‍ക്ക് കഴിയട്ടെയെന്നും ഖാര്‍ഗെ പറഞ്ഞു.
ഉടനെ തന്നെ അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരണപ്പെട്ടവര്‍ക്കും അര്‍ഹമായ മുഴുവന്‍ ധനസഹായവും നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഖാര്‍ഗെ ആവശ്യപ്പെട്ടു. റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് രാജിവെക്കണമെന്ന് ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.
ബംഗാളില്‍ സിഗ്‌നല്‍ മുറിച്ചുകടന്ന ചരക്ക് തീവണ്ടി കാഞ്ചന്‍ജംഗ എക്‌സ്പ്രസില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മരണസംഖ്യ ഉയരുകയാണ്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 15 പേര്‍ മരണപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ബംഗാളിലെ ഡാര്‍ജിലിങ്ങില്‍ വെച്ചാണ് അപകടം ഉണ്ടായത്.
അപകടത്തില്‍ ട്രെയിനിന്റെ മൂന്ന് ബോഗികൾ പൂര്‍ണമായും തകര്‍ന്നു. ചരക്ക് തീവണ്ടിയുടെ ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും കാഞ്ചന്‍ജംഗയുടെ ഗാര്‍ഡും അപകടത്തില്‍ മരണപ്പെട്ടു.
അതേസമയം അടുത്ത വർഷങ്ങളിലായി നിരവധി ട്രെയിൻ അപകടങ്ങളാണ് നടന്നിട്ടുള്ളത്. ഇതിൽ കൃത്യമായ ഉത്തരം പറയാനും നടപടികൾ സ്വീകരിക്കാനും കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല. മന്ത്രലയത്തിന്റെ സ്വകാര്യ നയങ്ങളും കരാർ നിയമനങ്ങളും ട്രെയിൻ അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നതായാണ് വിലയിരുത്തൽ.
Content Highlight: Congress president Mallikarjun Kharge criticized the central government over the train accident in West Bengal