ചൈന രാജ്യാതിര്‍ത്തി കടന്നപ്പോള്‍ മോദി കറുപ്പ് കഴിച്ചുറങ്ങുകയായിരുന്നു; പ്രധാനമന്ത്രിക്കെതിരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
national news
ചൈന രാജ്യാതിര്‍ത്തി കടന്നപ്പോള്‍ മോദി കറുപ്പ് കഴിച്ചുറങ്ങുകയായിരുന്നു; പ്രധാനമന്ത്രിക്കെതിരെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th April 2024, 11:39 pm

രാജസ്ഥാന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അതിര്‍ത്തി കടന്ന് ചൈന ഇന്ത്യയിലേക്ക് എത്തിയപ്പോള്‍ മോദി കറുപ്പ് കഴിച്ച് ഉറങ്ങുകയായിരുന്നുവെന്ന് പറഞ്ഞു. അരുണാചല്‍ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേരുകള്‍ ചൈന മാറ്റിയ പശ്ചാത്തലത്തിലാണ് ഖാര്‍ഗെയുടെ പരാമര്‍ശം.

മോദി നുണയന്മാരുടെ മുഖ്യന്‍ ആണെന്നും പ്രധാനമന്ത്രിയുടെ ലക്ഷ്യം രാജ്യത്തിന്റെ സുരക്ഷയല്ലെന്നും ഗാന്ധി കുടുംബത്തെ അധിക്ഷേപിക്കലാണെന്നും ഖാര്‍ഗെ വിമര്‍ശിച്ചു. രാജസ്ഥാനില്‍ നടന്ന പ്രചരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോദി പറയുന്നത് തനിക്ക് 56 ഇഞ്ച് നെഞ്ചളവുള്ളതിനാല്‍ താന്‍ ഒന്നിനെയും പേടിക്കുന്നില്ല എന്നാണ്. ഭയമില്ലെങ്കില്‍ എന്തുകൊണ്ടാണ് ചൈനക്ക് ഇന്ത്യയുടെ സ്ഥലങ്ങളില്‍ കൈയേറ്റം നടത്താന്‍ അനുമതി നല്‍കിയത്.

ചൈന രാജ്യാതിര്‍ത്തി കടന്നപ്പോള്‍ മോദി നിങ്ങള്‍ ഉറങ്ങുകയായിരുന്നോ…? ഉറക്ക ഗുളിക കഴിച്ചിട്ടാണോ നിങ്ങള്‍ ഉറങ്ങാന്‍ കിടന്നത്, അല്ലെങ്കില്‍ ചൈന നിങ്ങള്‍ക്ക് രാജസ്ഥാനിലെ പാടങ്ങളില്‍ നിന്ന് കറുപ്പ് കഴിക്കാന്‍ തന്നോ,’ എന്നായിരുന്നു ഖാര്‍ഗെ ഉയര്‍ത്തിയ ചോദ്യം.

1989ന് ശേഷം ഗാന്ധി കുടുംബത്തില്‍ ആരും പ്രധാനമന്ത്രി ആയിട്ടില്ലെന്നും മാലികാര്‍ജുന്‍ ഖാര്‍ഗെ മോദിയെ ഓര്‍മ്മിപ്പിച്ചു.

അതേസമയം ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അവകാശവാദം ഉന്നയിക്കുന്നതിനിടയിലാണ് ചൈനയുടെ പെരുമാറ്റല്‍ നടപടി. നാലാം തവണയാണ് അനുമതിയില്ലാതെ ഏകപക്ഷീയമായി ഇന്ത്യന്‍ അതിര്‍ത്തിയിലെ സ്ഥലങ്ങളുടെ പേരുകള്‍ ചൈന മാറ്റുന്നത്. പുതിയ പേരുകളോടെ ഈ സ്ഥലങ്ങള്‍ 2024ന്റെ അവസാനത്തോടെ ചൈനയുടെ ഔദ്യോഗിക ഭൂപടത്തില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2023 ഏപ്രിലില്‍ ആണ് ഇന്ത്യയിലെ സ്ഥലങ്ങളുടെ പേരുകള്‍ അവസാനമായി ചൈന മാറ്റിയത്. അതിനുമുമ്പ് 2017 ഏപ്രിലിലും 2021 ഡിസംബറിലും ചൈന ഇന്ത്യന്‍ അതിര്‍ത്തി ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റിയിട്ടുണ്ട്.

Content Highlight: Congress President Mallikarjun Kharge criticized Prime Minister Narendra Modi