| Wednesday, 1st March 2023, 9:45 pm

ബി.ജെ.പിക്കെതിരെ സമാന ചിന്താഗതിക്കാര്‍ ഒരുമിക്കണം; ആര് നയിക്കണം, ആരെ പ്രധാനമന്ത്രിയാക്കണം എന്നൊക്കെ പിന്നെ: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: 2004ല്‍ തുടക്കം കുറിച്ച യു.പി.എ സഖ്യത്തിന് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും വിജയം കൊയ്യാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. യു.പി.എ സഖ്യത്തിന് അടിത്തറയിട്ടായിരിക്കണം 2024ലെ പൊതുതെരഞ്ഞെടുപ്പിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ 70ാം ജന്മദിനത്തോടനുബന്ധിച്ച് നടന്ന ഡി.എം.കെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിഘടന ശക്തികള്‍ക്കെതിരെ സമാന ചിന്താഗതിയുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം. ആര് നയിക്കുമെന്നോ, ആരെ പ്രധാനമന്ത്രിയാക്കണമെന്നോ ഞാന്‍ പറയുന്നില്ല. അതല്ല ചോദ്യം. ഞങ്ങള്‍(കോണ്‍ഗ്രസ്) ഒറ്റക്കെട്ടായി പോരാടാന്‍ ആഗ്രഹിക്കുന്നു, ഇതാണ് ഞങ്ങളുടെ ലക്ഷ്യം.

തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യം 2004, 2009 വര്‍ഷങ്ങളിലെ ലോക്സഭാ വിജയങ്ങള്‍ക്കും 2006, 2021 വര്‍ഷങ്ങളിലെ നിയമസഭാ വിജയങ്ങള്‍ക്കും കാരണമായി. ഈ ഒത്തൊരുമ 2024ലും തുടരണം,’ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

രാജ്യം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ബി.ജെ.പി സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണം രാജ്യത്തെ 23 കോടിയിലധികം ആളുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയായെന്നും അദ്ദേഹം പറഞ്ഞു.

‘വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ കാരണം പൊറുതിമുട്ടിയിരിക്കുകയാണ് ജനം.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സമൂഹത്തെ ധ്രുവീകരിക്കാനുള്ള പണിയാണ്
ബി.ജെ.പി എടുത്തുകൊണ്ടിരിക്കുന്നത്,’ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

Content Highlights:  Congress President Mallikarjun Kharge believes that the UPA alliance that started in 2004 can win the 2024 Lok Sabha elections as well

We use cookies to give you the best possible experience. Learn more