| Monday, 28th October 2024, 10:15 am

'ബുച്ച് ബച്ചാവോ സിന്‍ഡിക്കേറ്റ്; മാധബി ബുച്ചിനെതിരെ പോഡ്കാസ്റ്റ് അവതരിപ്പിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സെബി ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചിനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍  പോഡ്കാസ്റ്റ് പുറത്തിറക്കി കോണ്‍ഗ്രസ്. ‘ബുച്ച് ബച്ചാവോ സിന്‍ഡിക്കേറ്റ്’ എന്ന് പേരിട്ടിരിക്കുന്ന പോഡ്കാസ്റ്റിന്റെ ആദ്യ എപ്പിസോഡില്‍ സംസാരിച്ചത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് വക്താവ് പനവ് ഖരേയയുമാണ്.

ബുച്ചിന്റെ തെറ്റായ നടപടികളേയും മാര്‍ക്കറ്റ് റെഗുലേഷന്‍സിലെ അവരുടെ ഇടപെടലുകളേയുമാണ് ആദ്യ പോഡ്കാസ്റ്റില്‍ വിമര്‍ശന വിധേയമാക്കിയിരിക്കുന്നത്.

ഇവയ്ക്ക് പുറമെ ബുച്ചിന് ചില കോര്‍പ്പറേറ്റ് കമ്പനികളോടുള്ള വ്യക്തി താത്പര്യം, ബുച്ചിന്റെ നേതൃത്വത്തില്‍ സെബിക്കുണ്ടായ തകര്‍ച്ച, ഇന്‍വെസ്റ്റര്‍മാര്‍ക്കുണ്ടാക്കിവെച്ച അപകടങ്ങള്‍ എന്നിവയെല്ലാം പോഡ്കാസ്റ്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

ഇന്ത്യയിലെ 400 മില്യണ്‍ ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ സെബിയില്‍ സ്വാധീനം ചെലുത്താന്‍ കോര്‍പ്പറേറ്റ് മുതലാളികളെ അനുവദിച്ചെന്നും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വാദിച്ചു.

കേന്ദ്ര സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പറ്റുന്ന നിരവധി രേഖകള്‍ ബുച്ചിന്റെ പക്കല്‍ ഉണ്ടെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

ബുച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചകള്‍ക്ക് പലപ്പോഴും വിധേയമായിട്ടുണ്ടെന്നും എന്നാല്‍ ഇത് ഓഹരി വിപണിയെ വിശ്വസിച്ച് പണം നിക്ഷേപിക്കുന്ന പത്ത് കോടി ആളുകളുടെ പണം അപകടത്തിലാക്കുകയാണെന്നും ഖരേയയും അഭിപ്രായപ്പെട്ടു. ബുച്ചിന്റെ പക്ഷപാത നിലപാട് പല തവണ വെളിപ്പെട്ടതാണെന്നും അതിന് ധാരാളം തെളിവുകള്‍ ഉണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

ഈ അഴിമതി പുറത്ത് കൊണ്ടുവരാന്‍ ഏതറ്റം വരെയും പോരാടുമെന്നും ഭീഷണിപ്പെടുത്തല്‍, അയോഗ്യത, ജയില്‍ശിക്ഷ എന്നിവയ്‌ക്കൊന്നും തന്നെ തടയാനാവില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഓഗസ്റ്റില്‍ സെബി ചെയര്‍ പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് വിവിധ തെളിവുകള്‍ പുറത്ത് വിട്ടിരുന്നു. അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ മൂത്തസഹോദരനും ശതകോടീശ്വരനുമായ വിനോദ് അദാനിക്ക് ബന്ധമുള്ള ബര്‍മുഡയിലെയും മൗറീഷ്യസിലെയും നിഗൂഢമായ നിഴല്‍കമ്പനികളില്‍ മാധബി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും പങ്കാളിത്തമുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് കണ്ടെത്തി.

സെബി അംഗമായപ്പോള്‍ മാധബി ബുച്ച് ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റിയത് സിംഗപ്പൂര്‍ കമ്പനിയുടെ ഓഹരി മാത്രമാണെന്നും ഇന്ത്യയുടെ ഓഹരികള്‍ അവര്‍ നിലനിര്‍ത്തിയെന്നും ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്ന് ബുച്ച് സെബി ചെയര്‍പേഴ്‌സണ്‍ സ്ഥാനം ഒഴിയണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചെങ്കിലും ബുച്ചിനെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്.

Content Highlight: Congress presented the podcast as a sign of protest against Madhabi Buch

We use cookies to give you the best possible experience. Learn more