ബീഹാര്‍ പിടിക്കാന്‍ കോണ്‍ഗ്രസ്: നേതാക്കളുടെ ചിത്രത്തിനൊപ്പം ജാതിപ്പേരും ചേര്‍ത്ത് പോസ്റ്ററുകള്‍
national news
ബീഹാര്‍ പിടിക്കാന്‍ കോണ്‍ഗ്രസ്: നേതാക്കളുടെ ചിത്രത്തിനൊപ്പം ജാതിപ്പേരും ചേര്‍ത്ത് പോസ്റ്ററുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th September 2018, 10:01 am

പാറ്റ്‌ന: നേതാക്കളുടെ ജാതി രേഖപ്പെടുത്തിയ പോസ്റ്ററുകളുമായി ബീഹാറില്‍ കോണ്‍ഗ്രസ് പ്രചാരണം. തലസ്ഥാന നഗരിയായ പാറ്റ്‌നയിലെ ഇന്‍കം ടാക്‌സ് ചൗഹാരയില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രത്തിനൊപ്പം ജാതിപ്പേരു കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് അടുത്തതോടെ ജാതി കാര്‍ഡ് ഇറക്കി വോട്ടു പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ പോസ്റ്റര്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. പോസ്റ്ററില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനു കീഴെ ബ്രാഹ്മണ സമുദായം എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

ദളിത്, ഭൂമിഹാര്‍, രജപുത്രര്‍ എന്നിങ്ങനെ വിവിധ ജാതിപ്പേരുകള്‍ മുതിര്‍ന്ന നേതാക്കളുടെ ചിത്രത്തിനൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തി സിംഗ് ഗോഹില്‍, അല്‍പേഷ് താക്കൂര്‍ എന്നിവരടക്കമുള്ളരാണ് പോസ്റ്ററിലുള്ളത്.

 

Also Read: മോദിയെ ശിവജിയോട് ഉപമിക്കരുത്, ശിവജിക്ക് കലാപത്തിന്റെ രാഷ്ട്രീയം ഉണ്ടായിരുന്നില്ല: രൂക്ഷമായി പ്രതികരിച്ച് ശിവസേന

 

കഴിഞ്ഞ വര്‍ഷത്തെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോടും ഈ വര്‍ഷത്തെ കര്‍ണാടക തെരഞ്ഞെടുപ്പിനോടും അനുബന്ധിച്ച് രാഹുല്‍ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നടത്തിയതും വാര്‍ത്തയായിരുന്നു. ബി.ജെ.പിക്ക് ബദല്‍ നിര്‍ദ്ദേശിക്കാന്‍ കോണ്‍ഗ്രസും മൃദു ഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുകയാണോ എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

പുതിയ പോസ്റ്റര്‍ ചര്‍ച്ചയായതോടെ, തങ്ങള്‍ എല്ലാ ജാതി മതസ്ഥരുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്ന സംഘടനയാണെന്ന സന്ദേശം നല്‍കാനാണ് കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍. ജാതി രാഷ്ട്രീയത്തിന് വേരുകളുള്ള ബീഹാറില്‍ ഈ നീക്കം കോണ്‍ഗ്രസിനെ എത്രത്തോളം സഹായിക്കുമെന്നാണ് രാഷ്ട്രീയ രംഗത്തുള്ളവര്‍ ഉറ്റുനോക്കുന്നത്.