ബി.ജെ.പി നേതാക്കളാല്‍ അപമാനിക്കപ്പെട്ട രേണുക ചൗധരിയെ രക്ഷിക്കാനെത്തുന്ന ശ്രീകൃഷ്ണനായി രാഹുല്‍ ഗാന്ധി; പാഞ്ചാലി വസ്ത്രാക്ഷേപത്തിന്റെ പുതിയ രൂപം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
National Politics
ബി.ജെ.പി നേതാക്കളാല്‍ അപമാനിക്കപ്പെട്ട രേണുക ചൗധരിയെ രക്ഷിക്കാനെത്തുന്ന ശ്രീകൃഷ്ണനായി രാഹുല്‍ ഗാന്ധി; പാഞ്ചാലി വസ്ത്രാക്ഷേപത്തിന്റെ പുതിയ രൂപം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 11th February 2018, 12:13 pm

അലഹാബാദ്: പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാവ് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റര്‍ ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഹിറ്റായിരിക്കുകയാണ്. മഹാഭാരതത്തിലെ പാഞ്ചാലി വസ്ത്രാക്ഷേപ സന്ദര്‍ഭത്തിന്റെ ചിത്രം എഡിറ്റ് ചെയ്താണ് ഈ പോസ്റ്റര്‍ ഉണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് എം.പി രേണുക, പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ എന്നിവരാണ് പോസ്റ്ററില്‍ ഉള്ളത്.


Also Read: ‘രജനിയുടെ നിറം കാവിയാണെന്ന് തോന്നുന്നില്ല’; ചുവപ്പ് തന്റെ രാഷ്ട്രീയ നിറമല്ലെന്നും കമല്‍ഹാസന്‍


രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടയില്‍ ചിരിച്ചതിന്റെ പേരില്‍ ബി.ജെ.പി നേതാക്കളുടെ അധിക്ഷേപത്തിരയായ വ്യക്തിയാണ് രേണുക ചൗധരി. വസ്ത്രാക്ഷേപത്തിന് ഇരയായ പാഞ്ചാലിയുടെ സ്ഥാനത്ത് രേണുകയുടെ മുഖമാണ് പോസ്റ്ററില്‍ ഉള്ളത്. വസ്ത്രാക്ഷേപം നടത്തുന്ന കൗരവരായി നരേന്ദ്രമോദി, അമിത് ഷാ, കേന്ദ്രമന്ത്രി കിരണ്‍ റിജിജു എന്നിവരെയും അവതരിപ്പിച്ചിരിക്കുന്നു. ഇവരില്‍ നിന്ന് രേണുകയെ രക്ഷിക്കുന്ന ശ്രീകൃഷ്ണനായാണ് രാഹുല്‍ ഗാന്ധിയെ പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്.

“രാഹുല്‍ ഗാന്ധീ, ഞങ്ങളെ രക്ഷിക്കൂ.. ദുര്യോധനന്‍ ഒരു സ്ത്രീയെ പരിഹസിച്ചതാണ് നൂറുകണക്കിന് കൗരവരുടെ മരണത്തിലേക്ക് നയിച്ചത് എന്ന് മറക്കരുത്.” എന്ന് പോസ്റ്ററില്‍ എഴുതിയിട്ടുമുണ്ട്. കൂപ്പുകയ്യുമായി നില്‍ക്കുന്ന സോണിയ ഗാന്ധിയും, കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പി പ്രമോദ് തിവാരി എന്നിവരും പോസ്റ്ററില്‍ ഉണ്ട്.

പോസ്റ്റര്‍:

കഴിഞ്ഞദിവസമാണ് രാജ്യസഭയില്‍ മോദിയുടെ പ്രസംഗത്തനിടെ കോണ്‍ഗ്രസ് എം.പി ചിരിച്ചതിനെതിരെ മോദി രംഗത്തെത്തിയത്. മോദിയുടെ പ്രവൃത്തി സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി രേണുക കഴിഞ്ഞദിവസം തന്നെ രംഗത്തെത്തിയിരുന്നു. രേണുക ചിരിച്ചതിനെ രാജ്യസഭാധ്യക്ഷന്‍ വിമര്‍ശിച്ചപ്പോള്‍ “രേണുകാ ജീ തുടര്‍ന്നോട്ടെയെന്നും രാമായണം സീരിയലിനുശേഷം ഇത്തരം ചിരി കേള്‍ക്കാന്‍ അവസരം ലഭിക്കുന്നത് ഇപ്പോഴാണെന്നു”മായിരുന്നു മോദിയുടെ പരിഹാസം.


Don”t Miss: ‘വാട്ട് എ മാന്‍, വാട്ട് എ ഗോള്‍’; കളം നിറഞ്ഞ് പ്രയോറി, ബൈസിക്കിള്‍ കിക്കിലൂടെ ഗോളും; പ്രയോറിയുടെ അസാമാന്യ പ്രകടനം കാണാം


ബി.ജെ.പി നേതാക്കളുടെ പ്രവൃത്തിയ്ക്കെതിരെ രംഗത്തെത്തിയ രേണുക സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതിനെതിരെ താന്‍ സഭയില്‍ പരാതി നല്‍കുമെന്ന് വ്യക്തമാക്കി. കളിയാക്കുന്നവര്‍ക്ക് അത് തുടരാം. ചിരിക്കുന്നതിന് ആര്‍ക്കും നികുതി കൊടുക്കേണ്ടല്ലോ. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശമാണ് പ്രധാമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. രണ്ട് മക്കളുടെ അമ്മയായ തനിക്കെതിരെ ഇത്തരത്തിലുള്ള പരാമര്‍ശം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ചൗധരിക്കെതിരെ പ്രധാനമന്ത്രിയെ അവഹേളിച്ചുവെന്ന പേരില്‍ മറ്റൊരു പരാതി നല്‍കുമെന്ന് ബി.ജെ.പി വ്യക്തമാക്കി.

ഇതിനു പിന്നാലെയാണ് രേണുക ചിരിച്ചതിന്റെയും രാമായണത്തിലെ ശൂര്‍പ്പണകയുടെ മൂക്ക് ചെത്തുന്ന രംഗവും അടങ്ങിയ വീഡിയോ കേന്ദ്രമന്ത്രി കിരണ്‍ റിജിജു തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. പിന്നീട് തന്റെ പേജില്‍ നിന്നും ഈ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ശൂര്‍പണകയുടെ ഭാഗമില്ലാതെ മറ്റൊരു വീഡിയോ ട്വിറ്ററിലും പങ്കുവെക്കുകയും ചെയ്തിരുന്നു.