അഴിച്ചുവെച്ച രാഷ്ട്രീക്കാരന്റെ കുപ്പായം കോണ്‍ഗ്രസിന് വേണ്ടി പ്രശാന്ത് കിഷോര്‍ വീണ്ടും അണിയുമോ? 2024 ലേക്ക് ഒരുമുഴം മുന്നേയെറിയാന്‍ കോണ്‍ഗ്രസ്
National Politics
അഴിച്ചുവെച്ച രാഷ്ട്രീക്കാരന്റെ കുപ്പായം കോണ്‍ഗ്രസിന് വേണ്ടി പ്രശാന്ത് കിഷോര്‍ വീണ്ടും അണിയുമോ? 2024 ലേക്ക് ഒരുമുഴം മുന്നേയെറിയാന്‍ കോണ്‍ഗ്രസ്
അളക എസ്. യമുന
Wednesday, 14th July 2021, 4:32 pm
ഒരിക്കല്‍ രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിച്ചുവെച്ച പ്രശാന്ത് കിഷോര്‍ വീണ്ടും ആ കുപ്പായം അണിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ താന്‍ ഒരു തോറ്റുപോയ രാഷ്ട്രീയക്കാരനാണെന്ന് പ്രശാന്ത് കിഷോര്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വീണ്ടും രാഷ്ട്രീയ പ്രവേശം ഉണ്ടാകും എന്ന് ഉറപ്പിക്കാനും കഴിയില്ല.

ദേശീയ രാഷ്ട്രീയത്തില്‍ നിലവിലെ ചര്‍ച്ചാ വിഷയം തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി,രാഹുല്‍ ഗാന്ധി,പ്രിയങ്കാ ഗാന്ധി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയാണ്.

പ്രശാന്ത് കിഷോറുമായി ഇവര്‍ നടത്തിയ കൂടിക്കാഴ്ച വെറുമൊരു കൂടിക്കാഴ്ചയാവില്ല എന്ന നിഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും നവ്‌ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രശാന്ത് കിഷോറും അമരീന്ദറും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നത്. ഇതിന് പിന്നാലെയാണ് സോണിയയേയും രാഹുലിനേയും പ്രിയങ്കയേയും കിഷോര്‍ കാണുന്നത്.

പഞ്ചാബിലെ പ്രശ്‌നപരിഹാരത്തിനാണ് പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസ് വിളിച്ചതെന്നായിരുന്നു ആദ്യം വിലയിരുത്തപ്പെട്ടത്. എന്നാല്‍ അങ്ങനെയല്ല, പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളിലൂടെ കോണ്‍ഗ്രസ് വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുന്നതായാണ് ഒരു വിഭാഗം പറയുന്നത്.

പഞ്ചാബിലും ഉത്തര്‍പ്രദേശിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മാത്രമല്ല കൂടിക്കാഴ്ചയ്ക്ക് പിന്നിലെന്നും അതിനെക്കാള്‍ വലിയൊരു കാര്യമാണ് നടക്കാന്‍ പോകുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. അതായത് രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പല്ല, 2024 ലെ പൊതുതെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.

ബംഗാള്‍, തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ വിജയകരമായി തന്ത്രങ്ങള്‍ മെനഞ്ഞ കിഷോര്‍ തല്‍ക്കാലത്തേക്ക് ഒരു ഇടവേള എടുക്കുകയാണെന്ന് പറഞ്ഞിരുന്നു.അത്തരത്തിലൊരു തീരുമാനം എടുത്ത പ്രശാന്ത് കിഷോര്‍ പിന്നെങ്ങനെയാണ് കോണ്‍ഗ്രസിന്റെ പാളയത്തിലേക്ക് എത്തിയത് എന്നത് മറ്റൊരു ചോദ്യമാണ്.

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിന് വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രം മെനയാന്‍ മാത്രമല്ല, കോണ്‍ഗ്രസിന് ഒപ്പം ചേര്‍ന്ന് മുന്നോട്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നാണ് ചില വിലയിരുത്തലുകള്‍.

ഒരിക്കല്‍ രാഷ്ട്രീയക്കാരന്റെ കുപ്പായം അഴിച്ചുവെച്ച പ്രശാന്ത് കിഷോര്‍ വീണ്ടും ആ കുപ്പായം അണിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്നാല്‍ താന്‍ ഒരു തോറ്റുപോയ രാഷ്ട്രീയക്കാരനാണെന്ന് പ്രശാന്ത് കിഷോര്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വീണ്ടും രാഷ്ട്രീയ പ്രവേശം ഉണ്ടാകും എന്ന് ഉറപ്പിക്കാനും കഴിയില്ല. നിതീഷ് കുമാറുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നായിരുന്നു പ്രശാന്ത് കിഷോര്‍ ജെ.ഡി.യു വിട്ടത്.

2017ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനായി സമാജ്വാദി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയെങ്കിലും സഖ്യം പരാജയപ്പെടുകയും ബി.ജെ.പി. വിജയിക്കുകയും ചെയ്തിരുന്നു. ‘കിങ് മേക്കര്‍’ എന്ന നിലയില്‍ കിഷോറിന് വലിയ തിരിച്ചടിയായിരുന്നു അത്. പിന്നീട് കിഷോറിന്റെ തന്ത്രങ്ങള്‍ പിന്തുടര്‍ന്ന കോണ്‍ഗ്രസിന് പഞ്ചാബില്‍ മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നു.

കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനരീതിയെ,കിഷോര്‍ രൂക്ഷമായിത്തന്നെ വിമര്‍ശിച്ചിട്ടുണ്ട്.

” പ്രശാന്ത് കിഷോറിനെയോ മറ്റുള്ളവരോ നിര്‍ദ്ദേശിച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറല്ല. എന്റെ പ്രവര്‍ത്തനരീതിയില്‍ പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറാകില്ല,” പ്രശാന്ത് കിഷോര്‍ ഒരിക്കല്‍ കോണ്‍ഗ്രസിനെക്കുറിച്ച് പറഞ്ഞിരുന്നു.

ആദ്യം പ്രശ്‌നമുണ്ടെന്ന് കോണ്‍ഗ്രസ് മനസ്സിലാക്കണമെന്നും എന്നിട്ട് പരിഹാരത്തിനായി എന്തെങ്കിലും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിലവില്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിനോട് അടുത്തുതന്നെയാണ് നില്‍ക്കുന്നത്. പ്രശാന്ത് കിഷോറിലൂടെ ഒരു തിരിച്ചുവരവ് സ്വപ്‌നം കാണുന്നുമുണ്ട്.
ഇനി തീരുമാനം പ്രശാന്ത് കിഷോറിന്റെതാണ്. പ്രശാന്ത് കിഷോര്‍ പഞ്ചാബിലെ പ്രശ്‌നം തീര്‍ക്കുമോ, കോണ്‍ഗ്രസിന് വേണ്ടി പൊതുതെരഞ്ഞെടുപ്പില്‍ തന്ത്രം മെനയുമോ അതോ കോണ്‍ഗ്രസുകാരനായി മാറുമോ? കണ്ടറിയാം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

Content Highlights: Congress politics ,Is Prashant Kishor To Join Congress?

 

 

 

 

 

 

 

 

 

 

അളക എസ്. യമുന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫങ്ഷണല്‍ ഇംഗ്ലീഷില്‍ ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ.