ന്യൂദല്‍ഹി: കൊവിഡ് കാലത്ത് പുതിയ രാഷ്ട്രീയ പരീക്ഷണങ്ങളിലാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ്. സാമ്പത്തിക പ്രതിസന്ധിയും ആരോഗ്യ മേഖലകളിലെ ആശങ്കകള്‍ ചൂണ്ടിക്കാട്ടിയും നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പഴയ പ്രതാപത്തിലേക്ക് മടങ്ങാനുള്ള നീക്കമാണ് പാര്‍ട്ടി നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ തള്ളാതെ, മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഉപദേശിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നത്.
മുന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ രഘുറാം രാജനുമായി നടത്തിയ അഭിമുഖത്തിലുടനീളം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കൊവിഡിന് ശേഷമുള്ള രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകളാണ് മുന്നോട്ടുവെച്ചത്. ലോക്ഡൗണിന് ശേഷം എന്ത് എന്ന കാര്യത്തില്‍ കേന്ദ്രം പദ്ധതികള്‍ ആലോചിക്കാത്തതിനെക്കുറിച്ചും രാഹുല്‍ രഘുറാം രാജനോട് പങ്കുവെച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ അദ്ദേഹം ഉന്നയിക്കുന്നുണ്ട്. പരിശോധനയുടെ ആവശ്യകത മുതല്‍ സാമ്പത്തിക പുനരുജ്ജീവനവും കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ വരെയും അദ്ദേഹം എടുത്തുപറഞ്ഞു.
രാഹുല്‍ മാത്രമല്ല, ദേശീയ തലത്തില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ എല്ലാ നേതാക്കളും സജീവമായി രംഗത്തുണ്ട്. ഡോ. മന്‍മോഹന്‍ സിങ്ങിനെയും മറ്റുള്ളവരെയും ഉള്‍പ്പെടുത്തി സോണിയ ഗാന്ധി പ്രത്യേക ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ട്. കൊറോണ കാലത്തില്‍ കോണ്‍ഗ്രസ് പ്രസക്തമായി നിലനില്‍ക്കുകയും പ്രധാന പ്രതിപക്ഷമെന്ന നിലയില്‍ സര്‍ക്കാരിന് വിവരങ്ങള്‍ നല്‍കുകയും ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
പ്രാദേശിക തലത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമാവുകയും ഇതോടെ പഴയ രീതിയിലുള്ള ശക്തി നഷ്ടമാവുകയും ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പാര്‍ലെന്റില്‍ പോലും എസ്.പിയും തൃണമൂല്‍ കോണ്‍ഗ്രസും പിടിമുറുക്കുന്നിടത്ത് കോണ്‍ഗ്രസ് തളര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നതെന്ന ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
ഈ ആരോപണങ്ങള്‍ മറികടക്കാന്‍ കോണ്‍ഗ്രസ് സ്വയം സജ്ജമാവുന്നു എന്ന സൂചനയിലേക്കാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സൂക്ഷ്മത വിരല്‍ ചൂണ്ടുന്നത്. യുപി, ബീഹാര്‍ തുടങ്ങി ചില സംസ്ഥാനങ്ങളില്‍ മാത്രം പ്രത്യേക പരിഗണന നല്‍കിയുള്ള നയത്തില്‍ മാറ്റം വരുത്തി മറ്റ് സംസ്ഥാനങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളാണ് പാര്‍ട്ടി നടത്തുന്നത്.
ഈ പ്രതിസന്ധി ഘട്ടത്തില്‍ നടത്തുന്ന വിമര്‍ശനങ്ങള്‍ ദേശവിരുദ്ധ നീക്കങ്ങളാണെന്ന് മുദ്രകുത്തപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. അതുകൊണ്ടാണ് സര്‍ക്കാരിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ നേരിട്ട് ആക്രമണങ്ങള്‍ നടത്താതെ, വിട്ടുപോവുന്ന ഭാഗങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുമാണ് പാര്‍ട്ടി ചെയ്യുന്നത്.