| Saturday, 17th January 2015, 7:43 pm

സെന്‍സര്‍ ബോര്‍ഡ് വിവാദത്തെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുന്നു: അരുണ്‍ ജെയ്റ്റ്‌ലി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: വിവാദ സിനിമയായ “മെസഞ്ചര്‍ ഓഫ് ഗോഡിന്റെ” പേരില്‍ നടക്കുന്ന വിവാദങ്ങളെ കോണ്‍ഗ്രസ് രാഷ്ട്രീയവത്കരിക്കുകയാണെന്ന് കേന്ദ്ര വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഫിലിം സര്‍ട്ടിഫിക്കേഷനുമായി ബന്ധപ്പെട്ടുള്ള പ്രകൃയയില്‍ സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും സെന്‍സര്‍ ബോര്‍ഡ് പാനലുമായി ബി.ജെ.പി ഒരു കൈയകലത്തിലാണ് നില്‍ക്കുന്നതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

യു.പി.എ നോമിനികളായ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ഇത്തരം സാധാരണ വിഷയങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് ഖേദകരമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ജെയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ 2004ല്‍ അനുപം ഖേര്‍ അധ്യക്ഷനായുള്ള സെന്‍സര്‍ ബോര്‍ഡിനെ ബി.ജെ.പി നിയമിച്ചതാണെന്ന കാരണത്താല്‍ യു.പി.എ സര്‍ക്കാര്‍ പിരിച്ച് വിട്ടിരുന്നുവെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

സെന്‍സര്‍ ബോര്‍ഡില്‍ അഴിമതി നടക്കുന്നുണ്ടെങ്കില്‍ അംഗങ്ങള്‍ സ്വയം ആരോപണം ഉന്നയിക്കുകയാണ് വേണ്ടതെന്നും ബോര്‍ഡ് തീരുമാനങ്ങള്‍ക്കെതിരായി അപ്പീല്‍ കോടതി സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ അതെങ്ങനെ ബോര്‍ഡിന്റെ അവകാശങ്ങള്‍ക്കെതിരെയുള്ള കൈ കടത്തലാകുമെന്നും ജെയ്റ്റ്‌ലി ചോദിച്ചു.

സെന്‍സര്‍ ബോര്‍ഡിലെ പാനല്‍ അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മേല്‍ മന്ത്രാലയത്തിന്റെ ഇടപെടലും അഴിമതിയും ഉണ്ടെന്നാരോപിച്ചാണ് ലീല സാംസണ്‍ കഴിഞ്ഞദിവസം രാജിവെച്ചിരുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ചിരുന്ന സര്‍ക്കാര്‍ തെളിവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ലീല സാംസണ്‍ രാജിവെച്ചതിനു തൊട്ടുപിന്നാലെ ബോര്‍ഡിലെ മറ്റ് ഒന്‍പത് അംഗങ്ങള്‍ കൂടെ വാര്‍ത്ത വിതരണ മന്ത്രാലയത്തിന് മുമ്പാകെ രാജി സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പുതിയ സെന്‍സര്‍ ബോര്‍ഡ് അടുത്തയാഴ്ച്ചക്കുള്ളില്‍ നിലവില്‍ വരുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more