| Tuesday, 18th February 2020, 4:39 pm

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയില്‍ മുല്ലപ്പള്ളിക്കെതിരെ നേതാക്കള്‍; പരസ്പരം കൂടിയാലോചന നടത്തുന്നില്ലെന്ന് വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തിന് രൂക്ഷ വിമര്‍ശനം. പൊതുവിഷയങ്ങളില്‍ നേതാക്കള്‍ക്കിടയില്‍ ഏകാഭിപ്രായം ഇല്ലെന്നാണ് യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വി.ഡി സതീശനും പി.സി ചാക്കോയുമാണ് വിമര്‍ശനം ഉന്നയിച്ചത്.

സി.എ.ജി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണവും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടത് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് നേതാക്കളുടെ വിമര്‍ശനം.

കെ.പി.സി.സി പ്രസിഡണ്ടായ മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂടിയാലോചന നടത്താറില്ലെന്ന് വര്‍ക്കിംഗ് പ്രസിഡണ്ടായ കെ.സുധാകരന്‍ ആരോപിച്ചു.

വര്‍ക്കിംഗ് പ്രസിഡണ്ടായ തന്നെ മുല്ലപ്പള്ളി വിളിക്കാറില്ലെന്ന് സുധാകരനും സുധാകരന്‍ തന്നെ വന്ന് കണ്ടിട്ടില്ലെന്ന് മുല്ലപ്പള്ളിയും ആരോപിച്ചു.

നേതാക്കള്‍ പരസ്പരം ആലോചന നടത്തുന്നില്ലെയെന്ന് വി.ഡി സതീശനും ആരോപിച്ചു. സമവായം ഉണ്ടാക്കേണ്ട ഉത്തരവാദിത്തം കെ.പി.സി.സി പ്രസിഡണ്ടിനാണ്. ആ ഉത്തരവാദിത്വം അദ്ദേഹം നിര്‍വ്വഹിക്കുന്നില്ലെന്നും വി.ഡി സതീശന്‍ രാഷ്ട്രീയ കാര്യ സമിതിയില്‍ പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു അസ്വാരസ്യവുമില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. രാഷ്ട്രീയ കാര്യസമിതിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൗരത്വഭേദഗതി നിയമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേയും മുല്ലപ്പള്ളി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.
സംസ്ഥാനത്തെ ഹിന്ദു വോട്ടുകള്‍ ലക്ഷ്യമാക്കിയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീവ്രവാദബന്ധം ആരോപിച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രീണിപ്പിക്കുകയാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി ആരോപിച്ചു.

എപ്പോഴാണ് എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്‌ലാമിയും മുഖ്യമന്ത്രി പിണറായി വിജയന് കയ്പുള്ള കഷായമായതെന്ന് മുല്ലപ്പള്ളി ചോദിച്ചു. ഈ സംഘടനകളുമായി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലൊഴികെ സി.പി.എമ്മിന് ബന്ധമുണ്ടായിരുന്നു. എസ്.ഡി.പി.ഐയുമായി സി.പി.എം പഞ്ചായത്തുകളില്‍ സഹകരിക്കുന്നുണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more