പതിനയ്യായിരം നാടകം കളിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്; ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ അടുത്ത നീക്കം
national news
പതിനയ്യായിരം നാടകം കളിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്; ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ അടുത്ത നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th February 2020, 7:33 pm

ലഖ്‌നൗ: കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ആയുധമാക്കി ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്. വിവിധ തരം മാര്‍ഗങ്ങളിലൂടെ കര്‍ഷക പ്രശ്‌നം സമൂഹത്തില്‍ ചര്‍ച്ചയിലേക്ക് കൊണ്ടുവരാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നത്.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്താകെ 15000 തെരുവ് നാടകങ്ങള്‍ കളിക്കാനാണ് കോണ്‍ഗ്രസ് പ്രധാനമായി തീരുമാനിച്ചിരിക്കുന്നത്. ഇതേ തരത്തില്‍ വിവിധ തരത്തിലുള്ള പോസ്റ്ററുകളും വീഡിയോകളും പുറത്തിറക്കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചു കൊണ്ട് കോണ്‍ഗ്രസ് തയ്യാറാക്കുന്ന പ്രത്യേക കത്തുകള്‍ കര്‍ഷകരില്‍ എത്തിക്കും. ഒരു ബ്ലോക്ക് കമ്മറ്റിക്ക് കീഴില്‍ അമ്പത് പ്രവര്‍ത്തകരെയാണ് കര്‍ഷകരെ കാണുന്നതിന് നിയോഗിക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി സംസ്ഥാനത്ത് രണ്ട് വലിയ റാലികള്‍ കോണ്‍ഗ്രസ് നടത്തും. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലും തെക്കന്‍ ഉത്തര്‍പ്രദേശിലും ആയിരിക്കും ഇവ നടത്തുക.

സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി നിരവധി ബി.എസ്.പി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതിന്റെ സന്തോഷത്തിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. ആയിരത്തിലധികം ബി.എസ്.പി പ്രവര്‍ത്തകരാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നിരവധി ബി.എസ്.പി പ്രവര്‍ത്തകര്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള ഒരുക്കങ്ങളിലുമാണ്.

കഴിഞ്ഞ ഒരു മാസത്തിനകം നിരവധി ബി.എസ്.പി നേതാക്കളാണ് സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. അതിന് ശേഷമാണ് കോണ്‍ഗ്രസിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക്. നിരവധി ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് അംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബി.എസ്.പി അലഹബാദ് കോര്‍ഡിനേറ്റര്‍ മനോജ് കുമാര്‍, ഫൈസാബാദ് മില്‍ക്കിപ്പൂര്‍ നിയോജക മണ്ഡലം മുന്‍ ഇന്‍ചാര്‍ജ് ദിലീപ് റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യയും ജില്ലാ പഞ്ചായത്ത് അംഗവുമായ ഹേമലത റാവത്ത് എന്നിവര്‍ പ്രവര്‍ത്തകരോടൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നു.