ഭോപ്പാല്‍: കര്‍ഷകരും കാര്‍ഷിക പ്രതിസന്ധിയുമാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച. ബി.ജെപി. ഹിന്ദുത്വ അജണ്ടയെ മുന്‍നിര്‍ത്തി പ്രചാരണം ശക്തമാക്കുമ്പോള്‍ അഴിമതിയും കാര്‍ഷിക പ്രതിസന്ധിയുമാണ് കോണ്‍ഗ്രസ് ഉയര്‍ത്തികൊണ്ടുവരുന്നത്.
കാലങ്ങളായി മധ്യപ്രദേശില്‍ ഭരണ-പ്രതിപക്ഷ വിഭാഗങ്ങളുടെ പ്രധാന പ്രചാരണ ആയുധമാണ് കാര്‍ഷിക പ്രശ്‌നങ്ങള്‍. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി നടത്തിയ തെരഞ്ഞെടുപ്പ് റാലികളില്‍ പ്രധാനമായും ഉന്നയിക്കപ്പെട്ടതും കാര്‍ഷിക പ്രശ്‌നങ്ങളായിരുന്നു. നരേന്ദ്രമോദി കാര്‍ഷിക പ്രശ്‌നങ്ങള്‍ പറഞ്ഞ് രാജ്യത്തെ എങ്ങനെ പറ്റിച്ചുവോ അതാണ് സംസ്ഥാനത്ത് ശിവ്‌രാജ് സിന്‍ഹ് ചൗഹാന്‍ നടപ്പിലാക്കുന്നതെന്ന് രാഹുല്‍ ആരോപിക്കുന്നു.
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാര്‍ വാക്ക് പാലിച്ചില്ല. കൂടാതെ കര്‍ഷകരുടെ അവസ്ഥ കൂടുതല്‍ ദയനീയമാക്കിയെന്നും രാഹുല്‍ കുറ്റപ്പെടുത്തി.ഇത്തവണ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ പത്ത് ദിവസത്തിനകം കാര്‍ഷിക വായ്പകള്‍ പൂര്‍ണമായും എഴുതി തള്ളുമെന്നാണ് കോണ്‍ഗ്രസ് നല്‍കുന്ന വാഗ്ദാനം.
എന്നാല്‍ രാഹുല്‍ ഉന്നയിക്കുന്ന വാദങ്ങള്‍ക്കും പ്രഖ്യാപനങ്ങള്‍ക്കും ബി.ജെ.പി മറുപടി നല്‍കിയിട്ടില്ല.പ്രതീക്ഷ നഷ്ടപ്പെട്ട കര്‍ഷകരെ ഒപ്പം നിര്‍ത്തി ഭരണവിരുദ്ധ വികാരം ഉയര്‍ത്തി അധികാരം പിടിച്ചടയ്ക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
വ്യാപം അഴിമതിയും കുംഭമേളയിലെ സാമ്പത്തിക ക്രമക്കേടുകളും മന്ദ്‌സോര്‍ കൂട്ടക്കൊലയും തെരഞ്ഞെടുപ്പില്‍ ആയുധമാക്കനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.