ന്യൂദല്‍ഹി: ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ പിന്തുണച്ച് പ്രമേയം പാസാക്കി കോണ്‍ഗ്രസ്. ഇസ്രഈലും ഹമാസും ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും
ഇന്ന് ദല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പ്രമേയം പാസാക്കി.
ഭൂമി, സ്വയം ഭരണം തുടങ്ങി അന്തസോടെയും ബഹുമാനത്തോടെയും ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ കോണ്‍ഗ്രസ് പിന്തുണക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു. നിലവിലെ സംഘര്‍ഷത്തിന് കാരണമായ എല്ലാ പ്രശ്നങ്ങളിലും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ചകളും ഉടന്‍ ആരംഭിക്കണം. സ്വന്തം മണ്ണിനായുള്ള ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തിനൊപ്പമാണ് കോണ്‍ഗ്രസ് എപ്പോഴുമുള്ളതെന്നും പ്രമേയത്തില്‍ പറഞ്ഞു.
ഹമാസിന്റെ നേതൃത്വത്തില്‍ ഇസ്രഈലിനെതിരായി നടന്ന ആക്രമണങ്ങളെ കോണ്‍ഗ്രസ് അപലപിക്കുന്നതായി ജനറല്‍ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വര്‍ക്കിങ്ങ് കമ്മിറ്റ് ഫലസ്തീന് അനുകൂലമായി പ്രമേയം പാസാക്കുന്നത്.
‘ഇസ്രഈല്‍ ജനതയ്‌ക്കെതിരായ ക്രൂരമായ ആക്രമണങ്ങളെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അപലപിക്കുന്നു. ഇസ്രഈല്‍ ജനതയുടെ നിയമാനുസൃതമായ ദേശീയ സുരക്ഷാ താത്പ്പര്യങ്ങള്‍ ഉറപ്പാക്കിക്കൊണ്ട്, സംവാദങ്ങളിലൂടെയും ചര്‍ച്ചകളിലൂടെയും മാത്രമേ ഫലസ്തീന്‍ ജനതയുടെ ആത്മാഭിമാനവും സമത്വവും അന്തസ്സുമുള്ള ജീവിതത്തിന് വേണ്ടിയുള്ള ന്യായമായ അഭിലാഷങ്ങള്‍ നിറവേറ്റപ്പെടുകയുള്ളൂ.
ഇത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എല്ലായ്പ്പോഴും വിശ്വസിക്കുന്ന നിലപാടാണ്. ഏതെങ്കിലും തരത്തിലുള്ള അക്രമം ഒരിക്കലും ഒരു പരിഹാരം നല്‍കുന്നില്ല, അത് അവസാനിപ്പിക്കണം,’ ജയറാം രമേശ് പറഞ്ഞു.
Content Highlight: Congress passed a resolution supporting the rights of the Palestinian people