| Friday, 20th October 2017, 10:52 am

ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാന്‍ മോദിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരിഹാസവുമായി ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാന്‍ തയ്യാറാകാത്ത തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നായിരുന്നു ചിദംബരത്തിന്റെ വിമര്‍ശനം.

ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.ജെ.പിയെ സഹായിക്കുകയാണെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു തെരഞ്ഞെടുപ്പ് ക്മ്മീഷനെ പരിഹസിച്ചുകൊണ്ടുള്ള ചിദംബരത്തിന്റെ ട്വീറ്റ്.


Dont Miss 2014 ല്‍ മലയാള സിനിമ മേഖലയില്‍ 100 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു; ആരോപണവുമായി രമേശ് ചെന്നിത്തല


ഒക്ടോബര്‍ 16 ന് ഗുജറാത്ത് സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ഒക്ടോബര്‍ 22 നും മോദി ഗുജറാത്തില്‍ എത്തുന്നുണ്ട്. തന്റെ അഞ്ചാമത്തെ ഗുജറാത്ത് സന്ദര്‍ശനമാണ് മോദി നടത്തുന്നത്. ഈ സന്ദര്‍ശനത്തില്‍ വഡോദരയില്‍ 1,140 കോടി രൂപയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യുന്നുണ്ട്.

ഗോഘ ദഹേജ് റോറോ ഫെറി സര്‍വീസിന്റെ ഉദ്ഘാടനത്തിനായാണ് മോദി ഞായറാഴ്ച എത്തുന്നത്. ഇതും കൂടി കഴിഞ്ഞ ശേഷമായിരിക്കും ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരത്തില്‍ മോദിയുടെ എല്ലാ ആനുകൂല്യങ്ങളും സൗജന്യങ്ങളും പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയെന്നാണ് ചിദംബരം പറയുന്നത്.

ഹിമാചല്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പുറത്ത് വിട്ടിട്ടും ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തിയതി പുറത്തുവിടാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടാണ് വിമര്‍ശനത്തിനിടയാക്കിയത്. ഇരു സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെങ്കിലും ഗുജറാത്തില്‍ മാത്രം തിയതി പ്രഖ്യാപിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ. ഖുറേഷി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more