അധ്യക്ഷസ്ഥാനം ഒഴിയാന്‍ തീരുമാനിച്ച് സോണിയ?; പ്രവര്‍ത്തക സമിതി യോഗത്തിന് മുമ്പ് തിരക്കിട്ട ചര്‍ച്ചകള്‍
national news
അധ്യക്ഷസ്ഥാനം ഒഴിയാന്‍ തീരുമാനിച്ച് സോണിയ?; പ്രവര്‍ത്തക സമിതി യോഗത്തിന് മുമ്പ് തിരക്കിട്ട ചര്‍ച്ചകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd August 2020, 5:37 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃമാറ്റ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ സോണിയാഗാന്ധി സന്നദ്ധത അറിയിച്ചതായി പാര്‍ട്ടി വൃത്തങ്ങള്‍. പാര്‍ട്ടിക്ക് പൂര്‍ണ സമയ നേതൃത്വം വേണമെന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ കത്തിന് മറുപടിയായാണ് സോണിയാഗാന്ധി രാജിവെക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതെന്നാണ് വിവരം.

ഇത് സംബന്ധിച്ച് പാര്‍ട്ടിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കിയെന്ന് ഇന്ധ്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇടക്കാല അധ്യക്ഷസ്ഥാനത്ത് നിന്ന് പടിയിറങ്ങാന്‍ തയ്യാറാണെന്നും പാര്‍ട്ടിയ്ക്ക് ഉടന്‍ പുതിയൊരു അധ്യക്ഷനെ കണ്ടെത്തണമെന്നും സോണിയ മറുപടി കത്തില്‍ ആവശ്യപ്പെട്ടതായാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.

നാളെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം ചേരാനിരിക്കെയാണ് സോണിയാഗാന്ധിയുടെ തീരുമാനമെന്നാണ് പുറത്ത് വരുന്ന വിവരം. യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്‌തേക്കുമെന്നും സോണിയാ ഗാന്ധിതന്നെ വിവരം പറഞ്ഞേക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

അതേസമയം കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ഈ വാര്‍ത്തകളെ നിഷേധിച്ച് കൊണ്ട് രംഗത്തെത്തി. സോണിയാ ഗാന്ധി പാര്‍ട്ടി നേതാക്കളുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഔദ്യോഗികമായി ഒരു കത്തും നല്‍കിയിട്ടില്ലെന്നുമാണ് സുര്‍ജേവാല പ്രതികരിച്ചത്.

5 മുന്‍മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ അംഗങ്ങളും എം.പിമാരും മുന്‍കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ 20ലധികം പേരാണ് കത്തില്‍ ഒപ്പുവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ഭിന്നപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നും രാഹുലിന്റെ വരവ് ചിലര്‍ എതിര്‍ക്കുന്നു എന്ന പ്രചാരണം ഇതിന്റെ ഭാഗമാണെന്നും കത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്നത് പ്രധാന ആവശ്യങ്ങളിലൊന്നായി കത്തില്‍ പറയുന്നു. തോല്‍വികള്‍ പൂര്‍ണമനസ്സോടെ പഠിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ഗുലാം നബി ആസാദ് ,ആനന്ദ് ശര്‍മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍, മുകുള്‍ വാസ്നിക് പൃഥ്വിരാജ് ചവാന്‍, പി.ജെ കുര്യന്‍, അജയ് സിംഗ്, രേണുക ചൗധരി തുടങ്ങിയവര്‍ കത്തില്‍ ഒപ്പിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress party sources said Sonia Gandhi responded to congress leader’s letter to her