കോൺ​ഗ്രസിന് ആശ്വാസം; അക്കൗണ്ടുകൾ താത്കാലികമായി ഉപയോ​ഗിക്കാമെന്ന് ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ
India
കോൺ​ഗ്രസിന് ആശ്വാസം; അക്കൗണ്ടുകൾ താത്കാലികമായി ഉപയോ​ഗിക്കാമെന്ന് ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th February 2024, 2:16 pm

ന്യൂദൽഹി: ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച സംഭവത്തിൽ കോൺ​ഗ്രസിന് ആശ്വാസം. അക്കൗണ്ടുകൾ താത്കാലികമായി ഉപയോ​ഗിക്കാൻ ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ അനുമതി നൽകി. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി പുനഃ​​പരിശോധിക്കണമെന്ന അപേക്ഷ ബുധനാഴ്ച പരി​ഗണിക്കുമെന്ന് ആദായ നികുതി അപ്പലേറ്റ് ട്രിബ്യൂണൽ അറിയിച്ചു.

ആകെ 190 കോടി രൂപയാണ് പാർട്ടിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നതെന്നും അതിൽ 150 കോടി രൂപ അക്കൗണ്ടിൽ നില നിർത്തണമെന്നും ട്രിബ്യൂണൽ ഉത്തരവിൽ പറയുന്നു. അഞ്ച് വർഷം മുമ്പുള്ള ആദായ നികുതി റിട്ടേൺ അടക്കാൻ 45 ദിവസം വൈകിയെന്നാരോപിച്ചാണ് പാർട്ടിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചത്. സംഭവത്തിൽ 210 കോടി രൂപയാണ് ആദായ നികുതി വകുപ്പ് കോൺഗ്രസിന് പിഴ ചുമത്തുകയും ചെയ്തിരുന്നു.

അതേസമയം ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ ദൽഹിയിൽ യൂത്ത് കോൺ​ഗ്രസ് നടത്തിയ മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പിന്നാലെ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷൻ ശ്രീനിവാസ് ബി.വിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും രം​ഗത്തെത്തി. പണമല്ല ജനങ്ങളാണ് കോൺ​ഗ്രസിന്റെ ശക്തിയെന്ന് അദ്ദേഹം പ്രതികിച്ചു. ഏകാധിപത്യത്തിന് മുന്നിൽ തല കുനിക്കില്ലെന്നും ഇന്ത്യൻ ജനാധിപത്യത്തെ സംരക്ഷിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

മോദി സർക്കാർ അധികാര ലഹരിയിലാണെന്നാണ് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ ആരോപിച്ചു. ‘ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മോദി സർക്കാർ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇത് ഇന്ത്യയുടെ ജനാധിപത്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഭരണഘടനാ വിരുദ്ധമായി പിരിച്ചെടുക്കുന്ന പണം ബി.ജെ.പി തെരഞ്ഞെടുപ്പിനായി ഉപയോ​ഗിക്കുന്നു. എന്നാൽ ക്രൗഡ് ഫണ്ടിങിലൂടെ കോൺഗ്രസ് ശേഖരിക്കുന്ന പണം മരവിപ്പിക്കുകയും ചെയ്യുന്നു’, ഖാർ​ഗെ പറഞ്ഞു.

ഭാവിയിൽ തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന് ഇതുകൊണ്ട് തന്നെയാണ് തങ്ങൾ ആരോപിക്കുന്നതെന്നും ഇന്ത്യയുടെ ജനാധിപത്യം സംരക്ഷിക്കാൻ ജുഡീഷ്യറിയോട് അഭ്യർഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടുകൾ മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യവും മരവിപ്പിച്ചിരിക്കുകയാണെന്നാണ് സംഭവത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ പ്രതികരിച്ചത്. ജനാധിപത്യത്തിനെതിരായ ഈ നീക്കത്തെ തങ്ങൾ ചെറുക്കുമെന്നും നീതി വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Contant Highlight: party’s bank accounts were unfrozen by the Income Tax Appellate Tribunal