കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി സാധ്യത പട്ടികയിലേക്ക് രണ്ട് പേര്‍ കൂടി; ഒരാള്‍ക്ക് കേരളവുമായി അടുത്ത ബന്ധം
Congress Politics
കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി സാധ്യത പട്ടികയിലേക്ക് രണ്ട് പേര്‍ കൂടി; ഒരാള്‍ക്ക് കേരളവുമായി അടുത്ത ബന്ധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th July 2019, 4:53 pm

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് താന്‍ രാജിവെച്ചുവെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതോടെ പുതിയ അദ്ധ്യക്ഷനെ തേടുകയാണ് കോണ്‍ഗ്രസ്. മല്ലികാര്‍ജുന ഖാര്‍ഗെ, സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ഗെഹ്‌ലോട്ട്, സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരുടെ പേരുകളാണ് ഇത്രയും ദിവസം സാധ്യത പട്ടികയില്‍ ഉണ്ടായിരുന്നത്. ഈ പട്ടികയിലേക്ക് രണ്ട് പേര്‍ കൂടി പുതിയതായി വന്നിരിക്കുകയാണ്.

ആനന്ദ് ശര്‍മ്മ

വര്‍ഷങ്ങളായി കോണ്‍ഗ്രസ് വക്താവ്. 2014 മുതല്‍ രാജ്യസഭ ഉപ പ്രതിപക്ഷ നേതാവ്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ അദ്ധ്യക്ഷനായിരുന്നു. 2009ലെ മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ വാണിജ്യ, വ്യവസായ മന്ത്രിയായിരുന്നു.

മുകുള്‍ വാസ്‌നിക്

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു ദളിത് നേതാവാണ് മുകുള്‍ വാസ്‌നിക്. മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ സാമൂഹ്യ നീതി ശാക്തീകരണ വകുപ്പ് മന്ത്രിയായിരുന്നു. 1984ല്‍ ലോക്‌സഭയില്‍ എത്തിയ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായിരുന്നു മുകുള്‍ വാസ്‌നിക്. കേരളത്തിന്റെ ഉത്തരവാദിത്വമുള്ള നേതാവായതിനാല്‍ കേരളത്തില്‍ ഇടക്കിടെ സന്ദര്‍ശനം നടത്തുന്ന നേതാവാണ് മുകുള്‍ വാസ്‌നിക്.

രാഹുലിന്റെ ആവശ്യപ്രകാരം യുവനേതാക്കളെയടക്കം പരിഗണിച്ചാണ് ഇപ്പോള്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നത്. നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരും അധ്യക്ഷസ്ഥാനത്തേക്കു വരില്ലെന്നു രാഹുല്‍ വ്യക്തമാക്കിയതോടെ പ്രിയങ്കാ ഗാന്ധിയുടെ പേര് തത്കാലം ചര്‍ച്ചകളില്‍ ഉയര്‍ന്നേക്കില്ല.

എന്നാല്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തരായ ആരെയെങ്കിലും സ്ഥാനത്തേക്കു കൊണ്ടുവരാനാണു സാധ്യതയാണു കൂടുതല്‍. കോണ്‍ഗ്രസ് മുന്‍ ലോക്‌സഭാ കക്ഷി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവരെയാണ് അധ്യക്ഷസ്ഥാനത്തേക്കു പ്രധാനമായും പരിഗണിക്കുന്നത്. അതിനോടൊപ്പമാണ് ആനന്ദ് ശര്‍മ്മയുടേയും മുകുള്‍ വാസ്‌നികിന്റെയും പേരുകള്‍ കൂടി വന്നിരിക്കുന്നത്.

കഴിഞ്ഞ യു.പി.എ സര്‍ക്കാരില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഷിന്‍ഡെ, നെഹ്‌റു കുടുംബവുമായി അടുത്തബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ്. യു.പി.എ സര്‍ക്കാരില്‍ റെയില്‍വെ, തൊഴില്‍ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഖാര്‍ഗെയാകട്ടെ, സോണിയാ ഗാന്ധിയുടെ വിശ്വസ്തനാണ്.

ഇനി യുവത്വത്തിലേക്കാണ് ചര്‍ച്ച നീളുന്നതെങ്കില്‍, രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, മധ്യപ്രദേശിലെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരിലാര്‍ക്കെങ്കിലുമാകും സാധ്യത.

അടുത്ത പ്രവര്‍ത്തകസമിതി ചേരുന്നതിനു മുന്‍പുതന്നെ പുതിയ അധ്യക്ഷനെ തെരഞ്ഞെടുത്തേക്കും. അധ്യക്ഷനെച്ചൊല്ലിയുള്ള തീരുമാനം വൈകരുതെന്ന രാഹുലിന്റെ നിര്‍ദേശമാണ് ഇതിനു കാരണം. ഈവര്‍ഷം അവസാനം രാജ്യത്തെ നാലു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നേതൃത്വത്തിലെ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കുക എന്ന ലക്ഷ്യമാണ് കോണ്‍ഗ്രസിനു മുന്നിലുള്ളത്.

നേരത്തേ മോത്തിലാല്‍ വോറയെ കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷനാക്കിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും അങ്ങനെയുണ്ടായിട്ടില്ലെന്നു വ്യക്തമാക്കി എ.ഐ.സി.സി തന്നെ രംഗത്തെത്തിയിരുന്നു. തന്നെ ഇടക്കാല അധ്യക്ഷനാക്കിയെന്ന വാര്‍ത്തകള്‍ സംബന്ധിച്ച് തനിക്ക് അറിവൊന്നുമില്ലെന്ന് മോത്തിലാല്‍ വോറയും പ്രതികരിച്ചിട്ടുണ്ട്.

രാജിവെക്കുന്നതിനുള്ള കാരണവും പ്രവര്‍ത്തകര്‍ക്കുള്ള സന്ദേശവും ഉള്‍ക്കൊള്ളിച്ച് നാല് പേജുള്ള കത്ത് രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കാണെന്ന് രാഹുല്‍ കത്തില്‍ പറയുന്നു. കോണ്‍ഗ്രസിന്റെ നിര്‍ണായകമായ ഭാവിയിലും വളര്‍ച്ചയിലും തനിക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടാണ് രാജിവെക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷനെന്ന നിലയില്‍ സ്വന്തം ഉത്തരവാദിത്തം മാറ്റിനിര്‍ത്തി മറ്റുള്ളവരുടെ ഉത്തരവാദിത്തെ ചോദ്യം ചെയ്യുന്നത് അനീതിയാണെന്നും രാഹുല്‍ കത്തില്‍ പറയുന്നുണ്ട്.