തിരുവനന്തപുരം: കശ്മീര്‍ ഫയല്‍സ് സിനിമക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് സിനിമ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
ബി.ജെ.പി പിന്തുണയോടെ ഭരിച്ചിരുന്ന വി.പി. സിംഗ് സര്‍ക്കാരിന്റെ കാലത്താണ് കശ്മീര്‍ താഴ്‌വരയില്‍ നിന്ന് പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചതെന്നും എന്നിട്ടും ബി.ജെ.പി വിഷയത്തില്‍ വിരലനക്കിയില്ലെന്നും ട്വീറ്റില്‍ ആരോപിക്കുന്നു
പണ്ഡിറ്റുകളുടെ വിഷയത്തില്‍ എപ്പോഴും മുതലക്കണ്ണീര്‍ ഒഴുക്കാറുള്ള ബി.ജെ.പി അധികാരത്തിലെത്തിയപ്പോഴൊന്നും അവരെ കശ്മീരിലേക്ക് തിരിച്ചുകൊണ്ടുവന്നില്ല എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
‘തെരഞ്ഞെടുപ്പ് നേട്ടത്തിനായുള്ള ബി.ജെ.പിയുടെ പ്രചാരവേലയ്ക്ക് അനുയോജ്യമായിരുന്നു പണ്ഡിറ്റുകളുടെ പലായന വിഷയം.
വി.പി. സിംഗ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് 1989 ഡിസംബറിലാണ്. പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചത് തൊട്ടടുത്ത മാസം. എന്നിരിക്കിലും 1990 നവംബര്‍ വരെ വി.പി. സിംഗിനെ പിന്തുണച്ചിരുന്ന ബി.ജെ.പി വിഷയത്തില്‍ ഒന്നും ചെയ്തില്ല.
അന്നത്തെ ഗവര്‍ണര്‍ ജഗ്‌മോഹന്റെ നിര്‍ദേശപ്രകാരമാണ് പണ്ഡിറ്റുകള്‍ താഴ്‌വര വിട്ടുപോയത്. അദ്ദേഹം ഒരു ആര്‍.എസ്.എസ് അനുഭാവി ആയിരുന്നു. തീവ്രവാദി ആക്രമണങ്ങള്‍ക്കു ശേഷം, പണ്ഡിറ്റുകള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിനു പകരം ഗവര്‍ണര്‍ ജഗ്‌മോഹന്‍ ആവരോട് ആവശ്യപ്പെട്ടത് ജമ്മുവിലേക്ക് താമസം മാറ്റാനാണ്.
അവിടം സുരക്ഷിതമല്ലെന്ന് കരുതിയ നിരവധി പണ്ഡിറ്റ് കുടുംബങ്ങള്‍ ഭയം കൊണ്ടാണ് താഴ്‌വര വിട്ടത്. പണ്ഡിറ്റുകളുടെ പലായനത്തിന്റെ സമയത്ത് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബി.ജെ.പി രാജ്യത്ത് ഒരു വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു,’ കോണ്‍ഗ്രസ് പറഞ്ഞു.
എന്നാല്‍ കോണ്‍ഗ്രസിന്റെ ട്വീറ്റിനെ വിമര്‍ശിച്ച് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനുപം ഖേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ തരത്തിലുള്ള അബദ്ധഭാഷണം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നത് ദു:ഖകരമാണെന്ന് അദ്ദേഹം പ്രതികരിച്ചു.
അതേസമയം, സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.
CONTENT HIGHLGHTS: Congress Party in Kerala criticizes Kashmir file film