| Wednesday, 12th June 2019, 11:28 pm

കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റിനെ നിയമിക്കുന്നു; സാധ്യതാ പട്ടികയില്‍ ഇവര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി മാറില്ലെന്ന് പ്രധാന വക്താവ് രണ്‍ദീപ് സുര്‍ജേവാല പ്രഖ്യാപിച്ചതോടെ വിഷയത്തില്‍
പാര്‍ട്ടിക്കകത്ത് ഉണ്ടായിരുന്ന ആശയക്കുഴപ്പം മാറിയിരിക്കുകയാണ്. അതോടൊപ്പം തന്നെ കോണ്‍ഗ്രസില്‍ മറ്റൊരു അന്വേഷണം കൂടി നടക്കുകയാണ്. സംഘടനാ പ്രവര്‍ത്തന രംഗത്ത് രാഹുലിനെ സഹായിക്കുന്നതിന് വേണ്ടി വര്‍ക്കിംഗ് പ്രസിഡന്റിനെ നിയമിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. നാല് പേരാണ് സാധ്യത പട്ടികയില്‍ ഇടം നേടിയിട്ടുള്ളത്.

1. സച്ചിന്‍ പൈലറ്റ്

വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാധ്യതകളില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നത് സച്ചിന്‍ പൈലറ്റിന്റെ പേരാണ്. 41 വയസ്സാണ് സച്ചിന്‍ പൈലറ്റിന്. യുവതലമുറയെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ സച്ചിന്‍ പൈലറ്റിന് കഴിയും എന്നാണ് മുതിര്‍ന്ന നേതാക്കള്‍ കരുതുന്നത്.

ന്യൂദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സച്ചിന്‍ പൈലറ്റിനെ 2013ലാണ് രാഹുല്‍ ഗാന്ധി രാജസ്ഥാനിലേക്ക് അയക്കുന്നത്. സംസ്ഥാന അദ്ധ്യക്ഷനായിരുന്ന സച്ചിന്‍ പൈലറ്റിന്റെ പ്രവര്‍ത്തന മികവിലാണ് രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുന്നത്. സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസിന്റെ മുന്‍നിര നേതാവായി കാണാന്‍ രാഹുല്‍ ഗാന്ധിക്ക് ആഗ്രഹമുണ്ടെന്നാണ് വിവരം.

2. അശോക് ഗെഹ്‌ലോട്ട്

സ്വന്തം മകന്‍ വൈഭവിനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് മുന്‍നിരയിലേക്ക് കൊണ്ട് വരാന്‍ ശ്രമിച്ചു എന്ന ആക്ഷേപം തെരഞ്ഞെടുപ്പിന് ശേഷം ഉയര്‍ന്നെങ്കിലും അശോക് ഗെഹ്‌ലോട്ട് ഗാന്ധി കുടുംബത്തിന് വളരെ വേണ്ടപ്പെട്ടയാള്‍ തന്നെയാണിപ്പോഴും. അശോക് ഗെഹ്‌ലോട്ട് പാര്‍ട്ടിയില്‍ വളരെ സ്വീകാര്യനാണ്. അമരീന്ദര്‍ സിംഗുമായും കമല്‍നാഥുമായും അശോക് ചവാനുമായുമൊക്കെ മികച്ച ബന്ധം പുലര്‍ത്തുന്നു. മികച്ച സംഘാടകനും ആണ്. മുഖ്യമന്ത്രിയായും എംപിയായും സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനായും ജനറല്‍ സെക്രട്ടറിയുമായൊക്കെ തിളങ്ങി.

2017ലെ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴും കര്‍ണാടകത്തില്‍ 2018ലെ തെരഞ്ഞെടുപ്പിലും പാര്‍ട്ടി ഉത്തരവാദിത്വം അശോക് ഗെഹ്‌ലോട്ടിനായിരുന്നു.

സച്ചിന്‍ പൈലറ്റുമായി അത്ര രസത്തിലല്ലാത്ത അശോക് ഗെഹ്‌ലോട്ടിനെ ഡല്‍ഹിയിലേക്ക് കൊണ്ടു വന്നാല്‍ രാജസ്ഥാനിലെ പ്രശ്‌നങ്ങളും പരിഹരിക്കാമെന്ന് ഒരു വിഭാഗം നേതാക്കള്‍ കരുതുന്നു. എന്നാല്‍ രാജസ്ഥാനില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റും നേടാനാവാതെ പോയത് അശോക് ഗെഹ്‌ലോട്ടിനെ സാധ്യതകളെ ഇല്ലാതാക്കുന്നുണ്ട്.

3. ജ്യോതിരാദിത്യ സിന്ധ്യ

രാഹുല്‍ ബ്രിഗേഡിലെ പ്രധാന അംഗമാണ് ജ്യോതിരാദിത്യ സിന്ധ്യ. രാഹുലിന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് എപ്പോഴും പ്രവര്‍ത്തിക്കു്ന്ന വ്യക്തി. ഇത്തവണ ഉത്തരവാദിത്വമുണ്ടായിരുന്ന ഉത്തര്‍പ്രദേശില്‍ മാത്രമല്ല സ്വന്തം കോട്ടയായിരുന്ന ഗുണയിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജ്യോതിരാദിത്യ സിന്ധ്യ പരാജയപ്പെട്ടു.

മധ്യപ്രദേശില്‍ ആണെങ്കില്‍ കോണ്‍ഗ്രസിനകത്ത് വിഭാഗീയതയുണ്ട്. കമല്‍നാഥ്, ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്‌വിജയ് സിംഗ്എന്നിവരെല്ലാവരും ഒന്നാം സ്ഥാനത്തെത്ത് എത്താനുള്ള പോരാട്ടത്തിലാണ്. അതിനാല്‍ ജ്യോതിരാദിത്യ സിന്ധ്യയെ ദല്‍ഹിയിലെത്തിക്കാന്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ക്ക് ആഗ്രഹിക്കുന്നു.

അതേ സമയം ജ്യോതിരാദിത്യ സിന്ധ്യയെ സംസ്ഥാന അദ്ധ്യക്ഷനാക്കാനുള്ള ഫോര്‍മുലയും ചില നേതാക്കള്‍ മുന്നോട്ട് വെക്കുന്നു. ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശില്‍ നിന്ന് മാറിയാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴുമെന്നാണ് ചിലരുടെ ഭയം.

4. പ്രിയങ്ക ഗാന്ധി

പ്രിയങ്ക ഗാന്ധിയെ വര്‍ക്കിംഗ് പ്രസിഡന്റാക്കാന്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നുണ്ട്. യുവനേതാവായ പ്രിയങ്കക്ക് പുതുതലമുറയെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും എന്ന വാദമാണ് ഈ നേതാക്കള്‍ പറയുന്നത്.

ഗാന്ധി കുടുംബാംഗമെന്ന നിലയില്‍ പ്രിയങ്ക ഈ പദവിയിലേക്ക് ആഗ്രഹിക്കുന്ന പ്രവര്‍ത്തകരും ഉണ്ട്. എന്നാല്‍ പ്രിയങ്ക ഈ പദവിയിലേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

We use cookies to give you the best possible experience. Learn more