പാര്‍ട്ടി പദവികളില്‍ ന്യൂനപക്ഷ, ദളിത്, വനിതാ വിഭാഗങ്ങള്‍ക്ക് 50 ശതമാനം സംവരണം; അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്
Kerala News
പാര്‍ട്ടി പദവികളില്‍ ന്യൂനപക്ഷ, ദളിത്, വനിതാ വിഭാഗങ്ങള്‍ക്ക് 50 ശതമാനം സംവരണം; അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 15th May 2022, 3:19 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തിന്റെ വിവരം പുറത്തുവരുമ്പോള്‍ പാര്‍ട്ടി പദവികളില്‍ 50 ശതമാനം സംവരണം നല്‍കാന്‍ തീരുമാനിച്ചതായി സൂചന. ന്യൂനപക്ഷ, ദളിത്, വനിത വിഭാഗങ്ങള്‍ക്കാണ് 50 ശതമാനം സംവരണം നല്‍കുക.

രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിറിലെ പ്രഖ്യാപനത്തിലെ നിര്‍ദേശങ്ങളാണ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ചര്‍ച്ചയായത്.

തെരഞ്ഞെടുപ്പില്‍ ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും യോഗത്തില്‍ തീരുമാനമായെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ചെറിയ ഇളവും അനുവദിച്ചിട്ടുണ്ട്.

കുടുംബത്തിലെ രണ്ടാമന് അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പരിചയമുണ്ടാകുമ്പോഴാണ് ഇളവ് അനുവദിക്കുക. തെരഞ്ഞെടുപ്പുകള്‍ക്കായി പ്രത്യേക സമിതിയുണ്ടാക്കാനും തീരുമാനമായിട്ടുണ്ട്. രാഹുല്‍ ഗാന്ധി രാജ്യവ്യാപകമായി പദയാത്ര നടത്തണമെന്ന നിര്‍ദേശവും പ്രവര്‍ത്തക സമിതിയോഗത്തില്‍ ഉയര്‍ന്നു.

അതേസമയം, ഉദയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം ഇന്ന് സമാപിക്കും. നിര്‍ണായകമായ പ്രഖ്യാപനം ഇന്നുണ്ടാകും. കോണ്‍ഗ്രസിന്റെ ഭാവി രാഷ്ട്രീയ നിലപാടും, സംഘടനയുടെ അജണ്ടയുമാണ് സമ്മേളനം അവതരിപ്പിക്കുക.

ചിന്തന്‍ ശിബിരവുമായി ബന്ധപ്പെട്ട് രൂപവല്‍കരിച്ച ആറ് സമിതികളുടെ അധ്യക്ഷന്‍മാരുമായി സമാപന ദിവസമായ ഇന്ന് സോണിയ ഗാന്ധി ചര്‍ച്ച നടത്തും. തുടര്‍ന്ന് കരട് പ്രമേയമങ്ങള്‍ പ്രവര്‍ത്തക സമിതി വിലയിരുത്തി അന്തിമ രൂപമാക്കും. പ്രവര്‍ത്തക സമിതിയെ രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും. പിന്നീട് തീരുമാനങ്ങള്‍ ഉദയ്പൂര്‍ പ്രഖ്യാപനമായി പരസ്യപ്പെടുത്താനാണ് തീരുമാനം.

നേതൃമാറ്റം സജീവചര്‍ച്ചയാണെങ്കിലും അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തില്‍ നിന്നുള്ള അംഗമെത്തണമെന്ന നിലയില്‍ തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രിയങ്കയോ രാഹുലോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. പുതിയ അധ്യക്ഷനായി രാഹുല്‍ ഗാന്ധി എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇത്തരം ചര്‍ച്ചകളില്‍ രാഹുല്‍ ഗാന്ധി അതൃപ്തനാണ്.