| Saturday, 10th June 2023, 10:52 am

സച്ചിന്‍ പാര്‍ട്ടി വിടില്ല; ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്; റിപ്പോര്‍ട്ടുകള്‍ തള്ളി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പിതാവ് രാജേഷ് പൈലറ്റിന്റെ ചരമ വാര്‍ഷിക ദിനത്തില്‍ സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കോണ്‍ഗ്രസ്. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

സച്ചിന്‍ പൈലറ്റുമായി താന്‍ ബന്ധപ്പെട്ടിരുന്നെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി തന്നെ രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.

‘അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പോകുമെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്. അത് നിങ്ങളുടെ വെറും ധാരണയാണ്. ഞങ്ങള്‍ ഏറെ ശുഭാപ്തി വിശ്വാസത്തിലാണുള്ളത്. നിങ്ങള്‍ ഒന്നിലും ആശങ്കപ്പെടേണ്ട. രാജസ്ഥാന്‍ കോണ്‍ഗ്രസ് ഒന്നിച്ച് പോരാടും,’ അദ്ദേഹം പറഞ്ഞു. സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാന്‍ പോകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയായിരുന്നു വേണുഗോപാലിന്റെ പ്രതികരണം.

അടുത്തിടെ സച്ചിന്‍ പൈലറ്റുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ അഭ്യൂഹങ്ങളില്‍ വിശ്വസിക്കുന്നില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും അശോക് ഗെഹ് ലോട്ടുമായും സച്ചിന്‍ പൈലറ്റുമായും ചര്‍ച്ച നടത്തിയതാണ്. അതിന് ശേഷം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് ഞങ്ങള്‍ പറഞ്ഞതാണ്. ഇതാണ് കോണ്‍ഗ്രസിന്റെ നിലപാട്. എന്റെ അറിവില്‍ അത്തരം കാര്യങ്ങളൊന്നുമില്ല,’ അദ്ദേഹം പി.ടി.ഐയോട് പറഞ്ഞു.

എന്നാല്‍ വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്തെ അഴിമതിയില്‍ അന്വേഷണം വേണമെന്നത് ഉള്‍പ്പെടെ സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളിലെല്ലാം പരിഹാരം വേണമെന്നാണ് സച്ചിന്റെ നിലപാടെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഈ വിഷയങ്ങളിലൊന്നും പരിഹാരങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

സച്ചിന്‍ പൈലറ്റ് ഉറച്ച നിലപാട് എടുത്തിട്ടുണ്ടെന്നും ഇത് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കാര്യമല്ലെന്നും അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കള്‍ പറഞ്ഞു. അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തിനാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ പുനഃസംഘടിപ്പിക്കണമെന്നും പുതിയ നിയമനങ്ങള്‍ നടത്തണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയത് മൂലം പ്രശനം നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു.

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായുള്ള തര്‍ക്കത്തിനിടെ സച്ചിന്‍ പൈലറ്റ് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന റിപ്പോര്‍ട്ടുകളായിരുന്നു നേരത്തെ വന്നത്. പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികമായ ജൂണ്‍ 11ന് പ്രഖ്യാപനം ഉണ്ടാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ പൊളിറ്റിക്കല്‍ കണ്‍സല്‍ട്ടന്‍സി സ്ഥാപനമായ ഐ-പാക് ആണ് സച്ചിനെ രൂപീകരണത്തിന് സഹായിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം, കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായും സച്ചിന്‍ പൈലറ്റുമായും ചര്‍ച്ച നടത്തിയിരുന്നു. രാജസ്ഥാന്‍ തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടാന്‍ ഇരുവരും സമ്മതിച്ചതായും പാര്‍ട്ടി ഹൈക്കമാന്‍ഡ് പ്രശ്‌നം പരിഹരിച്ചതായും ചര്‍ച്ചക്ക് ശേഷം പാര്‍ട്ടി അറിയിച്ചിരുന്നു.

Content Highlight: Congress party dismiss the  report about sachin party formation

Latest Stories

We use cookies to give you the best possible experience. Learn more