ബംഗളുരു: തങ്ങളുടെ ജീവനില്‍ കൊതിയുള്ളത് കൊണ്ടാണ് ബംഗളുരുവിലേക്ക് രക്ഷപ്പെട്ടതെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍. ബംഗളുരുവിലെ റിസോര്‍ട്ടില്‍ കഴിയുന്ന എം.എല്‍.എമാര്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.
“കുറച്ചുവോട്ടുകളുടെ കാര്യമായതിനാല്‍ ഞങ്ങള്‍ കൊല്ലപ്പെടുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്യപ്പെടുമെന്ന ഭയത്തിലായിരുന്നു എം.എല്‍.എമാര്‍.” മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശക്തി സിങ് ഗോഹില്‍ പറഞ്ഞു. “അതുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗളുരുവില്‍ സുരക്ഷയൊരുക്കാമെന്നു ഞങ്ങള്‍ കരുതി.” അദ്ദേഹം വ്യക്തമാക്കി.
ബിജെപി സര്‍ക്കാര്‍ തങ്ങള്‍ക്ക് വില പറയുകയാണെന്നെന്നും എം.എല്‍.എമാര്‍ പറഞ്ഞു. അടുത്ത മാസം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ഉറപ്പിക്കാന്‍ ബി.ജെ.പി കോണ്‍ഗ്രസ് എം.എല്‍.എമാരെ സ്വാധീനിക്കുകയാണ്.
തങ്ങള്‍ക്കു വേണ്ടി 1500 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. ഇത് സമ്മതിക്കാതെ വന്നതോടെ സര്‍ക്കാര്‍ സംവിധാനങ്ങളുപയോഗിച്ച് തങ്ങളെ വേട്ടയാടാന്‍ തുടങ്ങി. അതിനാലാണ് എം.എല്‍.എമാരെ ബംഗളുരുവിലേക്ക് മാറ്റിയതെന്നും കോണ്‍ഗ്രസ് വിശദീകരിക്കുന്നു.
“ഞങ്ങളെ ഭീഷമിപ്പെടുത്തിയിട്ടുണ്ട്. കൂറുമാറാന്‍ പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ചിലര്‍ അതിനു കീഴ്‌പ്പെടുകയും ചെയ്തിട്ടുണ്ട്.” കോണ്‍ഗ്രസ് എം.എല്‍.എയായ ഗോഹില്‍ പറയുന്നു.
വെള്ളിയാഴ്ച രാത്രിയാണ് കോണ്‍ഗ്രസ് 44 എം.എല്‍.എമാരെ ബംഗളുരുവിലേക്കുമാറ്റിയത്. ഗുജറാത്തില്‍ മൂന്ന് രാജ്യസഭാ സീറ്റിലേക്ക് തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് എം.എല്‍.എമാരെ മാറ്റിയത്.