| Thursday, 13th July 2023, 10:30 pm

'സി.പി.ഐ.എം- ബി.ജെ.പി ഡീല്‍'; സില്‍വര്‍ലൈനിലെ ബദല്‍ നിര്‍ദേശത്തെ എതിര്‍ത്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ബദല്‍ നിര്‍ദേശത്തെ എതിര്‍ത്ത് കോണ്‍ഗ്രസ്. തുരങ്കപാത പരിസ്ഥിതി പ്രശ്‌നമുണ്ടാകുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.

ജനകീയ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്ന കെ-റെയില്‍ പദ്ധതി ഏത് വിധേനയും നടപ്പിലാക്കാന്‍ വേണ്ടി ബി.ജെ.പിയുമായി കൂട്ടുചേരാനുള്ള സി.പി.ഐ.എം നീക്കം മറനീക്കി പുറത്തുവരികയാണെന്നും അദ്ദേഹം ആരോപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘മോദിയും പിണറായിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെ പാലമായി നിന്ന് പ്രവര്‍ത്തിക്കുന്നത് ദല്‍ഹിയിലെ കേരളാ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസാണ്. കേരളം കണ്ടതില്‍ വെച്ചേറ്റവും വലിയ കമ്മീഷന്‍ കൊള്ള നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ കെ-റെയില്‍ പദ്ധതി രൂപം മാറ്റി അവതരിപ്പിക്കാനാണ് കെ.വി. തോമസിനെ സര്‍ക്കാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. കെ.വി തോമസും ഇ. ശ്രീധരനും അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ബദല്‍ റെയില്‍ പാതാ നിര്‍ദേശങ്ങള്‍ വരുന്നു, കെ. സുരേന്ദ്രന്‍ എന്ന ബി.ജെ.പി അധ്യക്ഷന്‍ പരിപൂര്‍ണ പിന്തുണയുമായി രംഗത്തുവരുന്നു. മോദി-പിണറായി ചങ്ങാത്തം ഇതിലും ഭംഗിയായി എങ്ങനെ വെളിച്ചത്തുവരും.

കെ.വി. തോമസ് ഇ.ശ്രീധരനെകണ്ട നിമിഷം മുതല്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി ഓണ്‍ ആയിക്കഴിഞ്ഞിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കെ-റെയില്‍ പദ്ധതി ജനകീയ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് നിര്‍ത്തിവെയ്‌ക്കേണ്ടി വന്ന സാഹചര്യത്തില്‍ എങ്ങനെയും പദ്ധതി നടപ്പിലാക്കണം എന്ന ഉദ്ദേശത്തിലാണ് കെ.വി തോമസിനെ ഉപയോഗപ്പെടുത്തി ഇ. ശ്രീധരനെ പദ്ധതിയിലേക്ക് കൊണ്ടുവരാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത്.

കെ.വി തോമസ് ഇ. ശ്രീധരനെക്കണ്ട തൊട്ടടുത്ത ദിവസം തന്നെയാണ് കോടികളുടെ പദ്ധതി ഉണ്ടായിരിക്കുന്നത് എന്നത് സംശയാസ്പദമാണ്. ഒപ്പം ഈ പദ്ധതി ദല്‍ഹിക്ക് അയച്ചതിന് പിന്നാലെയാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും രംഗത്തെത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരം സമര്‍പ്പിച്ച ബദല്‍ നിര്‍ദേശവും ബി.ജെ.പിയും തമ്മില്‍ എന്താണ് ബന്ധം? രണ്ടുദിവസം കൊണ്ടുണ്ടായ പദ്ധതിയുടെ പിന്നില്‍ ഗുരുതരമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് നിസംശയം പറയാം,’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.

പദ്ധതിയിലൂടെ വന്‍ സാമ്പത്തിക ബാധ്യതയാണ് കേരളത്തെ കാത്തിരിക്കുന്നതെന്നും വിഷയത്തില്‍ കെ.വി തോമസും ബി.ജെ.പിയുമായി ഉണ്ടാക്കിയ ‘ഡീല്‍’ എന്താണെന്ന് അറിയാന്‍ കേരളത്തിന് താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിയായിരുന്നു കേരളാ സര്‍ക്കാര്‍ വിഭാവനം ചെയ്ത കെ-റെയില്‍. പദ്ധതിക്ക് പച്ചക്കൊടി കിട്ടാത്ത സാഹചര്യത്തില്‍പ്പോലും 34 കോടി രൂപ ചെലവായിക്കഴിഞ്ഞു. ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യം, മൂന്നുലക്ഷം കോടി രൂപയാണ് കേരളത്തിന്റെ പൊതുകടമെന്നതാണ്. കേരളത്തിലെ ജനസംഖ്യ മൂന്നേകാല്‍ കോടി. അപ്പോള്‍ ആളോഹരി കടം 90,000 രൂപ. കെ-റെയില്‍ പദ്ധതിക്ക് വേണ്ടി കടം എടുക്കുന്നതോടെ കേരളം മറ്റൊരു വന്‍ ബാധ്യതയിലേക്ക് പോകുന്നു എന്നുള്ളത് നേരത്തെത്തന്നെ ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവെച്ച പുതിയ വേഗറെയിലിനും കണക്കാക്കുന്നത് ഒരു ലക്ഷം കോടി രൂപയാണ്. പദ്ധതിയിലൂടെ വന്‍ സാമ്പത്തിക ബാധ്യതയാണ് കേരളത്തെ കാത്തിരിക്കുന്നത്. സംസ്ഥാനത്തെ ഇത്രകണ്ട് ഗുരുതരമായ നിലയിലാക്കി പദ്ധതി നടപ്പിലാക്കുന്നത് വഴി 10 ശതമാനം കമ്മീഷന്‍ മേടിച്ചെടുക്കുക എന്ന ലക്ഷ്യമാണ് മുഖ്യമന്ത്രിക്കും സി.പി.ഐ.എമ്മിനുമുള്ളത്. ഈ ഉദ്ദേശം തന്നെയാണ് എങ്ങനെയും പദ്ധതി നടപ്പിലാക്കാന്‍ ശ്രീധരനെ കൂട്ടുപിടിക്കുന്നതിലുമുള്ളത്.

പണം മാത്രമല്ല, തുരങ്കത്തിനായി ഭൂമി കുഴിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കിടയാകുമെന്നതും ബദല്‍ നിര്‍ദേശത്തെ എതിര്‍ക്കാന്‍ കാരണമാണ്. ഇപ്പോള്‍ത്തന്നെ കെ-റെയില്‍ വിരുദ്ധ സമിതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിക്കഴിഞ്ഞു. പരിപൂര്‍ണമായി കേരളാ ജനത എതിര്‍ക്കുന്ന ഒരു പദ്ധതിയാണ് രൂപം മാറ്റി പഴയ കുപ്പിയില്‍ തന്നെ വിറ്റഴിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കെ.വി തോമസും ബി.ജെ.പിയുമായി ഉണ്ടാക്കിയ ‘ഡീല്‍’ എന്താണെന്ന് അറിയാന്‍ കേരളത്തിന് താത്പര്യമുണ്ട്. കമ്മീഷനില്‍ ബി.ജെ.പി-സി.പി.ഐ.എം പങ്കുവെയ്ക്കലാണോ വരുന്ന പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളാണോ ഇതിന് പിന്നിലെന്ന വെളിപ്പെടുത്തല്‍ നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം,’ കെ.സി. വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Congress opposes alternative proposal related to Silverline project

We use cookies to give you the best possible experience. Learn more