|

'ഇത് കര്‍ണാടകയിലെ സ്വാതന്ത്ര്യ സമരസേനാനികളെ അപമാനിക്കുന്നതിന് തുല്യം'; ഫ്ളൈ ഓവറിന് സവര്‍ക്കറുടെ പേരിടാനുള്ള തീരുമാനത്തിനെതിരെ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ ഫ്‌ളൈ ഓവറിന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ സവര്‍ക്കറുടെ പേരിടാനുള്ള കര്‍ണാടക സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കര്‍ണാടകയുടെ മണ്ണില്‍നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതിന് തുല്യമാണ് സര്‍ക്കാരിന്റെ നീക്കമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ ആരോപിച്ചു.

സവര്‍ക്കറുടെ പേരിടാനുള്ള നീക്കത്തില്‍നിന്ന് പിന്മാറി സ്വാതന്ത്ര്യ സമര സേനാനികളില്‍ ആരുടെയെങ്കിലും പേരിടാന്‍ തയ്യാറാവണമെന്ന് അദ്ദേഹം മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയോട് ആവശ്യപ്പെട്ടു.

യെലഹങ്ക ഫ്‌ളൈ ഓവറിന് സവര്‍ക്കറുടെ പേരിടാനുള്ള നീക്കത്തിലൂടെ വ്യക്തമാകുന്നത് ഭരണം നടത്തുന്നത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ല, മറിച്ച് തിരശ്ശീലയ്ക്ക് പിന്നില്‍ നില്‍ക്കുന്നവരാണ് എന്നാണ്. മുഖ്യമന്ത്രീ, ഈ ജനവിരുദ്ധ തീരുമാനങ്ങള്‍ക്കെതിരെ പോരാടാന്‍ നിങ്ങള്‍ പ്രതിപക്ഷത്തിന്റെ സഹകരണം തേടാന്‍ തയ്യാറാണോ?’, സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു.

യെലഹങ്കയിലെ മേജര് സന്ദീപ് ഉണ്ണികൃഷ്ണന്‍ റോഡില്‍നിന്നും 400 മീറ്റര്‍ നീളമുള്ള ഫ്‌ളൈ ഓവറിനാണ് സവര്‍ക്കറുടെ പേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സവര്‍ക്കറുടെ ജന്മദിനത്തിലാണ് ഫ്‌ളൈ ഓവറിന്റെ ഉദ്ഘാടനം.

യെദിയൂരപ്പ സര്‍ക്കാരിന്റെ ഈ തീരുമാനത്തെ വിമര്‍ശിച്ച് ജെ.ഡി.യുവും രംഗത്തെത്തിയുട്ടുണ്ട്. ‘ഈ തീരുമാനം സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കായി പോരാടുന്നവരെ അപമാനിക്കുന്നതാണ്. ഇതിന് ഒരു സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നത് ശരിയല്ല’, ജെ.ഡി.യു നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമി പറഞ്ഞു.

സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വേണ്ടി പ്രവര്‍ത്തിച്ച ഒരുപാട് പ്രമുഖര്‍ ജീവിച്ച മണ്ണാണിത്. ഫ്‌ളൈഓവറിന് അവരുടെ പേര് നല്‍കാമായിരുന്നു. തീരുമാനത്തില്‍നിന്നും പിന്മാറണമെന്ന് ജനങ്ങള്‍ക്കുവേണ്ടി സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

ദേശീയ തലത്തില്‍ സവര്‍ക്കറിനെ സ്വാതന്ത്ര്യ പോരാളിയാക്കി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആര്‍.എസ്.എസ് നീക്കമാണ് കര്‍ണാടക സര്‍ക്കാരിലൂടെയും നടപ്പാക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക