രണ്ടാം വരവിലെ ആദ്യ വെല്ലുവിളി പരിഹരിച്ച് സോണിയാ ഗാന്ധി; ഹരിയാനയില്‍ ഹൂഡയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു
national news
രണ്ടാം വരവിലെ ആദ്യ വെല്ലുവിളി പരിഹരിച്ച് സോണിയാ ഗാന്ധി; ഹരിയാനയില്‍ ഹൂഡയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th September 2019, 10:01 am

കോണ്‍ഗ്രസ് അദ്ധ്യക്ഷയായുള്ള രണ്ടാം വരവില്‍ സോണിയാ ഗാന്ധി സംഘടന തലത്തില്‍ നേരിട്ട വെല്ലുവിളിയായിരുന്നു ഹരിയാന കോണ്‍ഗ്രസിലെ വിമതനീക്കങ്ങള്‍. വിമത നീക്കത്തിന് നേതൃത്വം നല്‍കിയത് സാധാരണ നേതാവും അല്ലായിരുന്നു, മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിങ് ഹൂഡയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനായിരുന്ന അശോക് തന്‍വറിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചായിരുന്നു ഹൂഡയുടെ പിണക്കം. അശോക് തന്‍വറിനെ മാറ്റുകയും വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനുള്ള അവകാശം തനിക്ക് നല്‍കണമെന്നായിരുന്നു ഹൂഡയുടെ ആവശ്യം.

രാഹുല്‍ ഗാന്ധി ഇടപെട്ടായിരുന്നു ദളിത് വിഭാഗത്തില്‍ നിന്നുള്ള അശോക് തന്‍വറിനെ നിയമിച്ചിരുന്നത്. അത് കൊണ്ട് തന്നെ തന്‍വറിനെ കൈവിടാനും കോണ്‍ഗ്രസിന് പ്രശ്‌നമായിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു ഹൂഡ വിമതനീക്കം ശക്തമാക്കിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഹൂഡ പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കും എന്ന പ്രചരണം ശക്തമായപ്പോഴാണ് സോണിയാ ഗാന്ധിയും ഗുലാം നബി ആസാദും പ്രശ്‌നത്തില്‍ ഇടപെട്ടത്. നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം അശോക് തന്‍വറിനെ മാറ്റി ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കുമാരി ഷെല്‍ജയെ പുതിയ അദ്ധ്യക്ഷയായി പ്രഖ്യാപിച്ചു. ഹൂഡ വിഭാഗത്തോട് അടുപ്പം പുലര്‍ത്തുന്ന നേതാവാണ് ഷെല്‍ജ.

അതോടോപ്പം തന്നെ കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവായും തെരഞ്ഞെടുപ്പ് പ്രചരണ സമിതി അദ്ധ്യക്ഷനായി ഹൂഡയെ പ്രഖ്യാപിക്കുകയും ചെയ്തു. ഫലത്തില്‍ ഇത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതിന് തുല്യമാണ്.

ഇതോടെ ഹൂഡ വിഭാഗം പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോവുന്നത് ഒഴിവാക്കുകയാണ് സോണിയാ ഗാന്ധി നടപ്പിലാക്കിയത്.