| Wednesday, 25th March 2020, 4:55 pm

തങ്ങളുടെ സ്വപ്‌നപദ്ധതിയായ ന്യായ് യോജന ഇപ്പോള്‍ നടപ്പിലാക്കണമെന്ന് മോദിയോട് കോണ്‍ഗ്രസ്; എന്താണ് ന്യായ്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് 19 വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വാഗ്ദാനം ചെയ്ത ന്യായ് യോജന പദ്ധതി നടപ്പിലാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോണ്‍ഗ്രസ്. രാജ്യത്തൊട്ടാകെ പദ്ധതി നടപ്പിലാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എല്ലാ ജന്‍ധന്‍, പി.എം കിസാന്‍, പെന്‍ഷന്‍ അക്കൗണ്ടുകളുകളിലൂടെ രാജ്യത്തെ ഓരോ പൗരനും 7500 രൂപ നല്‍കി മിനിമം വരുമാനം ഉറപ്പുനല്‍കുന്ന പദ്ധതി നടപ്പിലാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

പൊതുവിതരണ സംവിധാനത്തിലൂടെ റേഷന്‍ നല്‍കുന്നതിനൊപ്പം തന്നെ ഒരു ക്ഷേമ പാക്കേജ് കൂടി നടപ്പിലാക്കണം. വിളകള്‍ക്ക് ന്യായവില ലഭിക്കാനുള്ള സൗകര്യമൊരുക്കണം. കര്‍ഷക വായ്പ തിരിച്ചടവെല്ലാം നിര്‍ത്തിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അവതരിപ്പിച്ച പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു രാജ്യത്ത് അധികാരത്തിലെത്തിയാല്‍ ന്യായ് പദ്ധതി നടപ്പിലാക്കും എന്നത്. രാഹുല്‍ ഗാന്ധിയായിരുന്നു ഈ പദ്ധതി മുന്നോട്ട് വെച്ചത്. പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ തോമസ് പിക്കറ്റിയുടെ ഉപദേശം സ്വീകരിച്ചായിരുന്നു രാഹുല്‍ അന്ന് ഈ പദ്ധതി അവതരിപ്പിച്ചത്. രാജ്യത്തെ 20 ശതമാനത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ അല്ലെങ്കില്‍ പ്രതിമാസം 6000 രൂപ വരുമാനം ഉറപ്പാക്കുന്നതാണ് ന്യായ് എന്ന പദ്ധതി.

മിനിമം വരുമാനം ഉറപ്പ് വരുത്തുന്ന പദ്ധതിയായിരുന്നു ന്യായ്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഈ വാഗ്ദാനത്തെ ജനങ്ങള്‍ തള്ളിക്കളയുകയും ബി.ജെ.പിയെ വീണ്ടും അധികാരത്തിലേറ്റുകയുമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more