| Wednesday, 19th June 2019, 12:07 am

കര്‍ണാടകയില്‍ റോഷന്‍ ബെയ്ഗിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ണാടക നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ റോഷന്‍ ബെയ്ഗിനെ സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. റോഷന്‍ ബെയ്ഗിനെതിരെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ച നടപടി എ.ഐ.സി.സി അംഗീകരിക്കുകയായിരുന്നു.

സംസ്ഥാന നേതൃത്വത്തിനെതിരെ സംസാരിച്ച റോഷന്‍ ബെയ്ഗിനെതിരെ നടപടി എടുക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു പറഞ്ഞിരുന്നു. റോഷന്‍ ബെയ്ഗ് എ.ഐ.സി.സി അംഗവും മുതിര്‍ന്ന നേതാവും ആയതിനാല്‍ നടപടി ഹൈക്കമാന്‍ഡിനോട് സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയായിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിതരണത്തോട് ബന്ധപ്പെട്ടാണ് റോഷന്‍ ബെയ്ഗ് പാര്‍ട്ടി നേതൃത്വത്തിനെതിരെ വിമര്‍ശനമാരംഭിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സിദ്ധരാമയ്യ, ദിനേഷ് ഗുണ്ടുറാവു. കെ.സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ റോഷന്‍ ബെയ്ഗ് രംഗത്തെത്തിയിരുന്നു.

കെ.സി വേണുഗോപാല്‍ ബഫൂണ്‍ ആണെന്നായിരുന്നു റോഷന്‍ ബെയ്ഗ് പറഞ്ഞത്. ‘ എന്റെ നേതാവായ രാഹുല്‍ ഗാന്ധി ജിയുടെ കാര്യമോര്‍ക്കുമ്പോള്‍ വിഷമമുണ്ട്. കെ.സി. വേണുഗോപാലിനെപ്പോലുള്ള ബഫൂണും, ധിക്കാരിയും അഹങ്കാരിയുമായ സിദ്ധരാമയ്യയും ഗുണ്ടു റാവുവിന്റെ ഫ്ളോപ്പ് ഷോയും ചേരുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലം ഇത് തന്നെയായിരിക്കും”- എന്നായിരുന്നു റോഷന്‍ പ്രതികരിച്ചത്.

സീറ്റ് വിഭജനം മുതലുള്ള എല്ലാ കാര്യങ്ങളിലും പാര്‍ട്ടി പൂര്‍ണ പരാജയമായിരുന്നെന്നും തോല്‍വി നേരിട്ടാല്‍ അതിന് കാരണക്കാര്‍ നേതൃനിരയിലുള്ളവര്‍ തന്നെയാണെന്നുമാണ് ഇദ്ദേഹം പറഞ്ഞത്.

” ക്രിസ്ത്യന്‍ വിഭാഗത്തിന് ഒരു സീറ്റ് പോലും കൊടുത്തില്ല. മുസ്ലീം വിഭാഗത്തിന് ഒരു സീറ്റാണ് നല്‍കിയത്. അവരെ പൂര്‍ണമായും അവഗണിച്ചു. ഇതില്‍ ഞാന്‍ അസ്വസ്ഥനാണ്. ഇനിയും അപമാനിതനായി പാര്‍ട്ടിയില്‍ തുടരാനാവില്ല”- എന്നും അദ്ദേഹം പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more