ലോക്സഭാ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജനം പൂർത്തിയാക്കി കോണ്‍ഗ്രസും എ.എ.പിയും
India
ലോക്സഭാ തെരഞ്ഞെടുപ്പ്; സീറ്റ് വിഭജനം പൂർത്തിയാക്കി കോണ്‍ഗ്രസും എ.എ.പിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd February 2024, 6:03 pm

ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും. ദല്‍ഹി, ഗുജറാത്ത്, ഗോവ, ഹരിയാന എന്നിവിടങ്ങളിലെ സീറ്റ് വിഭജനം പൂര്‍ത്തിയായതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

ന്യൂദല്‍ഹിക്ക് പുറമേ ഈസ്റ്റ്, വെസ്റ്റ്, സൗത്ത് ദല്‍ഹി എന്നിവിടങ്ങളില്‍ എ.എ.പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന് പാര്‍ട്ടി അറിയിച്ചു. നോര്‍ത്ത് ഈസ്റ്റ് ദല്‍ഹി, ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുക.

ദല്‍ഹിക്ക് പുറമേ ഗോവ, ചണ്ഡീഗഡ്, ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളിലും ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ എ.എ.പി രണ്ട് സീറ്റുകളില്‍ മത്സരിക്കും. ചണ്ഡീഗഡിലെ ഏക ലോക്‌സഭ സീറ്റും സൗത്ത് ഗോവ സീറ്റും കോണ്‍ഗ്രസിന് ലഭിക്കും.

2019ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലും ഹരിയാനയിലും ബി.ജെ.പി സീറ്റുകള്‍ തൂത്തുവാരിയിരുന്നു. രണ്ട് ലോക്‌സഭ സീറ്റുകള്‍ മാത്രമുള്ള ഗോവയിലെ നോര്‍ത്ത് ഗോവയില്‍ ബി.ജെ.പിയും സൗത്ത് ഗോവയില്‍ കോണ്‍ഗ്രസുമാണ് വിജയിച്ചത്.

അതേസമയം മഹാരാഷ്ട്രയിലെ 39 സീറ്റുകളില്‍ മത്സരിക്കാന്‍ ഇന്ത്യ മുന്നണിയില്‍ ധാരണയായിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ആകെ 80 ലോക്‌സഭ സീറ്റുകളില്‍ കോണ്‍ഗ്രസ് 17 സീറ്റിലും സമാജ്‌വാദി പാർട്ടി 63 സീറ്റുകളിലും മത്സരിക്കും.

ബംഗാളില്‍ ഇന്ത്യ മുന്നണി മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ധാരണയിലെത്തിയില്ലെങ്കിലും ചര്‍ച്ചകള്‍ തുടരുകയാണെന്നാണ് വിവരം. അതേസമയം, പഞ്ചാബിലെ 13 സീറ്റുകളിലും എ.എ.പിയും കോണ്‍ഗ്രസും തനിച്ചാണ് മത്സരിക്കുന്നതെന്ന് ഇരു പാര്‍ട്ടികളും നേരത്തെ അറിയിച്ചിരുന്നു.

Contant Highlight: Congress On Seat Share Speed Run, Deal Done With AAP For Delhi, Gujarat