മിസ്റ്റര്‍ മോദി, ഞങ്ങള്‍ നിങ്ങളെപ്പോലെ ഭയക്കുമെന്ന് കരുതിയോ; നെഹ്റു കുടുംബത്തിന്റെ ട്രസ്റ്റുകള്‍ക്കെതിരായ ഏത് അന്വേഷണത്തിനും തയ്യാറെന്ന് രാഹുല്‍ഗാന്ധി
national news
മിസ്റ്റര്‍ മോദി, ഞങ്ങള്‍ നിങ്ങളെപ്പോലെ ഭയക്കുമെന്ന് കരുതിയോ; നെഹ്റു കുടുംബത്തിന്റെ ട്രസ്റ്റുകള്‍ക്കെതിരായ ഏത് അന്വേഷണത്തിനും തയ്യാറെന്ന് രാഹുല്‍ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th July 2020, 5:49 pm

ന്യൂദല്‍ഹി: രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഉള്‍പ്പെടെ നെഹ്റു കുടുംബവുമായി ബന്ധപ്പെട്ട മൂന്ന് ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ടെന്നും അന്വേഷണങ്ങളില്‍ ഭയക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘മിസ്റ്റര്‍ മോദി കരുതിയിരിക്കുന്നത് ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ പോലെയാണെന്നാണ്. എല്ലാവരേയും വിലയിടാമെന്നും ഭയപ്പെടുത്താമെന്നുമാണ് അദ്ദേഹം കരുതുന്നത്. സത്യത്തിനായി പോരാടുന്നവര്‍ക്ക് വിലയിടാനാകില്ലെന്നും ഭയപ്പെടുത്താനാവില്ലെന്നും അദ്ദേഹത്തിന് ഒരിക്കലും മനസിലാകില്ല’, രാഹുല്‍ പറഞ്ഞു.


രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയ്ക്കെതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് ഇന്റര്‍ മിനിസ്റ്റീരിയല്‍ കമ്മറ്റിയെ നിയമിച്ചിരിക്കുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍, വിദേശ സംഭാവന സ്വീകരിക്കല്‍ തുടങ്ങിയ കാര്യങ്ങളിലാണ് അന്വേഷണമെന്നാണ് റിപ്പോര്‍ട്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഒരു സ്പെഷ്യല്‍ ഡയറക്ടറാണ് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

‘രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നിവയുടെ പി.എം.എല്‍.എ, ആദായനികുതി നിയമം, എഫ്.സി.ആര്‍.എ തുടങ്ങിയ വിവിധ നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്ന അന്വേഷണം ഏകോപിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം സമിതിയെ ചുമതലപ്പെടുത്തുന്നു’, ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു.

1991 ജൂണ്‍ 21നാണ് രാജീവ് ഗാന്ധി ഫൗണ്ടേന്‍ രൂപീകരിച്ചത്. സാക്ഷരത, ആരോഗ്യം, ഭിന്നശേഷി, അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവരുടെ ശാക്തീകരണം, ഉപജീവനം തുടങ്ങിയ നിരവധി വിഷയങ്ങളിലൂന്നിയാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസം, ഭിന്നശേഷി എന്നിവയാണ് അതിന്റെ പ്രധാന മേഖലകള്‍.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ ചെയര്‍ പേഴ്സണ്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പി ചിദംബരം തുടങ്ങിയവരാണ് ബോര്‍ഡ് അംഗങ്ങള്‍.

രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയുടെ ധനസഹായം സ്വീകരിച്ചിരുന്നെന്ന് ബി.ജെ.പി ആരോപണമുന്നയിച്ചിരുന്നു. തുടര്‍ന്നാണ് നെഹ്റു കുടുംബത്തിന്റെ പ്രധാന ട്രസ്റ്റുകള്‍ക്കെതിരെ കേന്ദ്രം അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചില തെളിവുകള്‍ ഉദ്ധരിച്ച് ചൈനീസ് എംബസി, രാജീവ് ഗാന്ധി ഫൗണ്ടേഷന് 90 ലക്ഷം രൂപ സംഭാവന നല്‍കിയതിന്റെ കാരണമെന്താണെന്ന് ചോദിച്ചിരുന്നു. ഇന്ത്യയിലെ ചൈനയുടെ എംബസിയും ചൈന സര്‍ക്കാരും രാജീവ് ഗാന്ധി ഫൗണ്ടേഷന് സംഭാവന നല്‍കിയെന്നാണ് ആരോപണം.

കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയും തമ്മിലുള്ള 2008 ല്‍ ഒപ്പുവച്ച ധാരണാപത്രത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സുപ്രീംകോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ