| Monday, 10th August 2020, 11:40 am

ഇതൊരു ദുരന്തമാണ്; പ്രകൃതി വില്‍പ്പനയ്ക്കല്ലെന്ന് ബി.ജെ.പി മനസ്സിലാക്കണം; പരിസ്ഥിതി വിജ്ഞാപന കരടിനെതിരെ കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പരിസ്ഥിതി വിജ്ഞാപന പരിഷ്‌ക്കാരത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. പ്രകൃതി വില്‍ക്കാനുള്ളതല്ല എന്ന കാര്യം ബി.ജെ.പി മനസ്സിലാക്കണമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.

പരിസ്ഥിതിക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ രക്ഷപ്പെടാന്‍ ബി.ജെ.പിയുടെ സുഹൃത്തുക്കളെ സാഹായിക്കുന്ന ഒരു ദുരന്തമാണ്
പരിസ്ഥിതി വിജ്ഞാപന കരടെന്നും കോണ്‍ഗ്രസ് പറഞ്ഞു.

” ബി.ജെ.പി ഒരുകാര്യം മനസ്സിലാക്കണം. പ്രകൃതി മാതാവ് വില്‍പ്പനയ്ക്കല്ല. ഇ.ഐ.എ 2020 ഒരു ദുരന്തമാണ്. പരിസ്ഥിതിക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ നിന്ന് ബി.ജെ.പിയുടെ സുഹൃത്തുക്കളെ സഹായിക്കാന്‍ മാത്രമാണ് ഇത്,” കോണ്‍ഗ്രസ് പറഞ്ഞു.

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുകയും അതിന് നേരെ വിപരീതമായി പ്രവര്‍ത്തിക്കുകയുമാണ് ബി.ജെ.പി ചെയ്യുന്നതെന്നും ഹിപ്പോക്രസി അതിന്റെ അങ്ങേതലയ്ക്കലെത്തിയെന്നും കോണ്‍ഗ്രസ് പറഞ്ഞു.

നേരത്തെ രാഹുല്‍ ഗാന്ധിയും  പരിസ്ഥിതി വിജ്ഞാപന കരടിനെതിരെ രംഗത്തുവന്നിരുന്നു. പരിസ്ഥിതി നശീകരണവും രാജ്യത്തെ കൊള്ളയടിക്കുന്നതും അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്.

പരിസ്ഥിതി വിജ്ഞാപന കരടിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് വളരെ വ്യക്തമാണെന്നും പുതിയ പരിഷ്‌ക്കാരത്തിലൂടെ രാജ്യത്തെ കൊള്ളയടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
പുതിയ വിജ്ഞാപനം പിന്‍വലിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

പുതിയ കരട് വിജ്ഞാപനമനുസരിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ തന്നെ വന്‍കിട പദ്ധതികളുമായി മുന്നോട്ടുപോകാന്‍ സാധിക്കും. 100 ഹെക്ടര്‍ വരെയുള്ള ഖനികള്‍, പെട്രോളിയം പദ്ധതികള്‍, ഡിസ്റ്റലറി തുടങ്ങിയവയടക്കം കേന്ദ്രം തന്ത്രപ്രധാനമെന്ന് കണക്കാക്കുന്ന പദ്ധതികള്‍ക്ക് ഇനി പരിസ്ഥിതി ആഘാത പഠനം ആവശ്യമില്ല എന്നത് വിജ്ഞാപനത്തിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ്.

2006ലെ വ്യവസ്ഥകള്‍ അസാധുവാക്കുന്ന പുതിയ കരട് വിജ്ഞാപനം വലിയ പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് കാരണമാകുമെന്ന വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയര്‍ന്നുവന്നിട്ടുണ്ട്.
പുതിയ കരടില്‍ ജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള ദിവസം ചൊവ്വാഴ്ച അവസാനിക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHTS: Congress on EIA 2020 draft must be withdrawn to stop LootOfTheNation

We use cookies to give you the best possible experience. Learn more