ന്യൂദല്‍ഹി: പരിസ്ഥിതി വിജ്ഞാപന പരിഷ്‌ക്കാരത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. പ്രകൃതി വില്‍ക്കാനുള്ളതല്ല എന്ന കാര്യം ബി.ജെ.പി മനസ്സിലാക്കണമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
പരിസ്ഥിതിക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ രക്ഷപ്പെടാന്‍ ബി.ജെ.പിയുടെ സുഹൃത്തുക്കളെ സാഹായിക്കുന്ന ഒരു ദുരന്തമാണ്
പരിസ്ഥിതി വിജ്ഞാപന കരടെന്നും കോണ്‍ഗ്രസ് പറഞ്ഞു.
” ബി.ജെ.പി ഒരുകാര്യം മനസ്സിലാക്കണം. പ്രകൃതി മാതാവ് വില്‍പ്പനയ്ക്കല്ല. ഇ.ഐ.എ 2020 ഒരു ദുരന്തമാണ്. പരിസ്ഥിതിക്കെതിരെ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ നിന്ന് ബി.ജെ.പിയുടെ സുഹൃത്തുക്കളെ സഹായിക്കാന്‍ മാത്രമാണ് ഇത്,” കോണ്‍ഗ്രസ് പറഞ്ഞു.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സംസാരിക്കുകയും അതിന് നേരെ വിപരീതമായി പ്രവര്‍ത്തിക്കുകയുമാണ് ബി.ജെ.പി ചെയ്യുന്നതെന്നും ഹിപ്പോക്രസി അതിന്റെ അങ്ങേതലയ്ക്കലെത്തിയെന്നും കോണ്‍ഗ്രസ് പറഞ്ഞു.
നേരത്തെ രാഹുല്‍ ഗാന്ധിയും പരിസ്ഥിതി വിജ്ഞാപന കരടിനെതിരെ രംഗത്തുവന്നിരുന്നു. പരിസ്ഥിതി നശീകരണവും രാജ്യത്തെ കൊള്ളയടിക്കുന്നതും അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടത്.
പരിസ്ഥിതി വിജ്ഞാപന കരടിന് പിന്നിലെ ഉദ്ദേശ്യം എന്താണെന്ന് വളരെ വ്യക്തമാണെന്നും പുതിയ പരിഷ്‌ക്കാരത്തിലൂടെ രാജ്യത്തെ കൊള്ളയടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞിരുന്നു.
പുതിയ വിജ്ഞാപനം പിന്‍വലിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.