| Sunday, 24th May 2020, 11:09 am

ഇനി ചെറിയ കളികളില്ല; മധ്യപ്രദേശില്‍ സിന്ധ്യയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ പഴയ പടക്കുതിരകളിറങ്ങുന്നു, ചുമതല രാഹുലിന്റെ വിശ്വസ്തര്‍ക്കോ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: 24 സീറ്റുകളിലേക്ക് നടക്കുന്ന മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇറക്കുന്നത് പഴയ പടക്കുതിരകളെയെന്ന് റിപ്പോര്‍ട്ട്. മുന്‍ പ്രതിപക്ഷ നേതാവുകൂടിയായ അജയ് സിങിനെയും മുന്‍ മന്ത്രിയായിരുന്ന റാം നിവാസ് റാവത്തിനെയും കോണ്‍ഗ്രസ് കളത്തിലിറക്കും. കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി ജ്യോതിരാധിത്യ സിന്ധ്യയ്‌ക്കൊപ്പം 24 എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍നിന്നും രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് ഈ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്.

സിന്ധ്യയ്‌ക്കൊപ്പം രാജിവെച്ചവരെത്തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കം. എന്നാല്‍ സിന്ധ്യയുടെ വിശ്വസ്തരായ ഇവരെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം.

അജയ്‌സിങും റാം നിവാസ് റാവത്തും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയോട് തോറ്റിട്ടുണ്ടെങ്കിലും പാര്‍ട്ടിയിലെ മികച്ച നേതാക്കളാണ് ഇവരുവരും.

സിന്ധ്യ വിശ്വസ്തനായ ബി.ജെ.പി നേതാവ് ഗോവിന്ദ് സിംഗ് രജ്പുത്തിനെ നേരിടാന്‍ സാഗര്‍ ജില്ലയിലെ സുര്‍കി സീറ്റിലാണ് കോണ്‍ഗ്രസ് അജയ് സിങിനെ ഇറക്കുന്നത്. ശിവപുരി ജില്ലയിലെ പൊഹാരി മണ്ഡലത്തില്‍ റാം നിവാസ് റാവത്തിനെയും മത്സരിപ്പിക്കും. റാവത്ത് മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

മുന്‍ എം.പി മീനാക്ഷി നത്രാജനെയും കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരെയാണ് മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ കോണ്‍ഗ്രസ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more